* 19,816 അപേക്ഷകർ

* നിർമ്മിച്ചത് മൂന്ന് വീടുകൾ മാത്രം

തൃക്കാക്കര: സ്വന്തമായി വീടും സ്ഥലവുമില്ലാത്തവർക്കായി സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി കൊച്ചി കോർപ്പറേഷൻ അട്ടിമറിച്ചു.കഴിഞ്ഞ മൂന്ന് വർഷത്തിൽ 19,816 അപേക്ഷ ലഭിച്ചതിൽ പദ്ധതിപ്രകാരം പൂർത്തീകരിച്ചത് മൂന്ന് വീടുകൾ മാത്രം.2011 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുളള കണക്കാണിത്. എന്നാൽ പദ്ധതിക്ക് കോർപ്പറേഷൻ പരിധിയിൽ സ്ഥലം കണ്ടെത്തുന്നതിന് പകരം ഫ്ലാറ്റ് നിർമ്മിച്ചുനൽക്കാൻ കോർപ്പറേഷൻ പദ്ധതിയിട്ടിരുന്നെങ്കിലും അതിനുവേണ്ട സ്ഥലം കണ്ടെത്താൻ പോലും കോർപ്പറേഷന് കഴിഞ്ഞിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. കൊച്ചി കോർപ്പറേഷൻ പരിധിയിൽ മാത്രം 19,816 കുടുംബങ്ങൾ സ്വന്തമായി വീടും സ്ഥലവുമില്ലാതെ വാടകവീട്ടിലും മറ്റുമായി കഴിയുന്നു.പാവപ്പെട്ട ഭൂ രഹിതർക്കായി സംസ്ഥാന സർക്കാർ പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും കോർപ്പറേഷൻ അതൊന്നും അറിഞ്ഞ മട്ടില്ല.

#ഓരോ വർഷവും എത്ര വീടുകൾ പദ്ധതിപ്രകാരം നിർമ്മിച്ച് നൽകിയെന്ന ചോദ്യത്തിന് 60 വീടുകൾ വിവിധ ഘട്ടങ്ങളിലായി പൂർത്തീകരിച്ചുവരുന്നു എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്.

#എന്നാൽ നിർമ്മിക്കുന്ന വീടുകൾ എത്ര സെന്റുവീതമാണെന്ന ചോദ്യത്തിന് മറുപടി കണ്ടെത്തിയിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് കോർപ്പറേഷൻ നൽകിയിരിയത്.