ആലുവ: കോൺഗ്രസ് തനിച്ച് ഭരിക്കുന്ന ആലുവ നഗരസഭ ഭരണസമിതിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വികസന മുരടിപ്പെന്ന പ്രതിപക്ഷ ആരോപണത്തെ എതിർക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അഭിപ്രായപ്പെട്ടത്. നഗരസഭ ചെയർപേഴ്സനെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെയും വേദിയിലിരുത്തിയാണ് അംഗങ്ങൾ വിമർശനത്തിന്റെ കെട്ടഴിച്ചത്. വികസനപദ്ധതികൾ ഒന്നും പൂർത്തീകരിക്കാതെ നീണ്ടുപോകുന്നതിനെതിരെയായിരുന്നു എതിർപ്പ്. സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപരിപാടികളെക്കുറിച്ച് തീരുമാനിക്കാൻ വിളിച്ച യോഗത്തിലാണ് പരസ്പര ആരോപണങ്ങളൾ. നിർദ്ദിഷ്ട കെ. .എസ്.ആർ.ടി.സി ടെർമിനൽ, മാർക്കറ്റ് നവീകരണം തുടങ്ങിയ പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി. അധികാരം കിട്ടാനായി കൗൺസിലർമാർ ഗ്രൂപ്പ് മാറിക്കളിച്ച് നഗരസഭാഭരണം നശിപ്പിക്കുകയാണെന്ന അഭിപ്രായവും ഉയർന്നു.നഗരസഭ യുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ഉദ്യോഗസ്ഥൻമാരും തന്നിഷ്ട പ്രകാരമാണ് പ്രവർത്തിക്കുന്നത്. തെരുവുവിളക്കുകൾ പലയിടത്തും അണഞ്ഞു കിടക്കുകയാണ് . എന്നാൽ പ്രതിപക്ഷ വാർഡുകളിൽ ഈ പ്രശ്‌നം ഇല്ലെന്ന ആരോപണവുമുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള കൗൺസിലർമാരെ മത്സരിപ്പിക്കരുതെന്ന ആവശ്യമുയർന്നു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന നേതാക്കന്മാർ എത്താതിരുന്നതും വിമർശനത്തിനിടയാക്കി.