കാലടി: എം.സി.റോഡിൽ സംസ്കൃത യൂണിവേഴ്സിറ്റിക്ക് മുന്നിൽ മാരുതി ഓമ്നി വാനിന് തീപിടിച്ചു. എൻജിൻ ഭാഗത്ത് നിന്നും ഉയർന്ന തീ മിനിറ്റുകൾക്കകം ആളിപ്പടർന്ന് വാൻ പൂർണമായും കത്തിനശിച്ചു. അങ്കമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തി കെടുത്തി.ഇന്നലെ രാവിലെ ആറ് മണിക്കാണ് സംഭവം. കാറ്ററിംഗ് സർവ്വീസ് നടത്തുന്ന മലപ്പുറം, നിലമ്പൂർ സ്വദേശി സെബിബിന്റെതാണ് വാഹനം. അപ്പം, ഇഡ്ഢ ലി, ദോശ തുടങ്ങിയ പലഹാരങ്ങൾ കാലടിയിലെ കടകളിൽ വിതരണം ചെയ്ത ശേഷം നെടുമ്പാശേരിയിലേക്ക് മടങ്ങും വഴിയാണ് തീപിടിച്ചത്. പുകയും, കരിഞ്ഞ ഗന്ധവും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി. പരിസരത്തെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർപറഞ്ഞു.