പറവൂർ : സ്ത്രീ തൊഴിലാളികളുടെ കെട്ടിട നിർമ്മാണ രീതികൾ പഠിക്കുന്നതിനായി വിദേശത്തു നിന്നുള്ള നിർമ്മാണ തൊഴിലാളികളും എൻജിനിയർമാരും പറവൂരിലെത്തി. കാനഡ, നോർത്ത് അമേരിക്ക, കാലിഫോർണിയ എന്നിവടങ്ങളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂർ നഗരസഭയിലെ കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ് നിർമ്മിക്കുന്ന വീടുകളാണ് സംഘം സന്ദർശിച്ചത്. ഇഷ്ടിക കെട്ടുന്നതും ഭിത്തികൾ തേയ്ക്കുന്നതും വിദേശസംഘം കണ്ടു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പന്ത്രണ്ട് ഭവനങ്ങളാണ് ഹഡ്കോയുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ് നിർമ്മിക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസിരാജുവിന്റെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്. സി.പി. ജയൻ,ജിൻസി ജിബു എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.