കൊച്ചി: കാൻസർ ചികിത്സാരംഗത്ത് നൂതനത്വം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് മേൽനോട്ടവും മാർഗനിർദ്ദേശവും നൽകാൻ അടുത്ത വർഷമാദ്യം കൊച്ചിയിൽ പ്രഥമ കാൻസർ ടെക്‌നോളജി ഇൻകുബേറ്റർ യാഥാർത്ഥ്യമാകും. കേരള സ്റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും (സി.സി.ആർ.സി) സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്.
കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ നടന്ന 'കാൻക്യുർ' ദേശീയ സെമിനാറിലാണ് പുതിയ പദ്ധതി പ്രഖ്യാപനം.

ആശയം പരാജയപ്പെടുകയാണെങ്കിൽ പ്രതിവിധികൾക്കുള്ള മുൻകരുതലുകളും ഇൻകുബേറ്ററുകൾക്ക് സ്റ്റാർട്ട് അപ്പ്മിഷൻ നൽകുമെന്ന് സി.ഇ.ഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.

സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കർ, കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ്, ഡൽഹി എ.ഐ.ഐ.എം.എസ് റേഡിയോതെറാപ്പി വിഭാഗം മേധാവി ഡോ.ജി.കെ രാത്, മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ.പങ്കജ് ചതുർവേദി, ഡോ.രവി മെഹ്രോത്ര, ഡോ.മോഹൻ വിശ്വനാഥൻ കെ.വി എന്നിവർ പങ്കെടുത്തു.