കൊച്ചി: അയോദ്ധ്യ വിധിയുടെ പശ്‌ചാത്തലത്തിൽ സിറ്റി പൊലീസ് സൈബർ ഡോം ഏർപ്പെടുത്തിയ കർശന നിരീക്ഷണത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു. റൈറ്റ് തിങ്കേഴ്‌സ് - യഥാർത്ഥ ചിന്തകർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ മതസ്‌പർദ്ധ വളർത്തുന്ന തരത്തിൽ കമന്റുകളിട്ടവർക്കെതിരെയാണ് സെൻട്രൽ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്‌ച രാത്രി ഗ്രൂപ്പിൽ വന്ന പോസ്‌റ്റിനു താഴെയുണ്ടായ കമന്റുകളാണ് കേസിന് അടിസ്ഥാനം. സെയ്‌ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിപ്പ എന്നീ പേരുകളിൽ കമന്റിട്ടവർക്കെതിരെയാണ് കേസ്. ഇവരുടെ യഥാർത്ഥ പേരും വിവരങ്ങളും ശേഖരിച്ചുവരികയാണ്. ഗ്രൂപ്പ് അഡ്‌മിൻമാരെ പ്രതിചേർക്കേണ്ട സാഹചര്യമുണ്ടോ എന്നും പരിശോധിക്കും.
വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചോ പ്രതിഷേധിച്ചോ പ്രകടനം നടത്തുന്നത് ജില്ലാ കളക്ടർ വിലക്കി. മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതുൾപ്പെടെ ഒരുവിധ ആഹ്ലാദപ്രകടനങ്ങളും പ്രതിഷേധങ്ങളും പാടില്ല.