കൊച്ചി: മാവേലിക്കരയിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ പ്രതി അപ്പുണ്ണിയെ ഒളിവിൽ കഴിയുന്നതിനിടെ സാഹസികമായി പൊലീസ് കീഴടക്കി. കാക്കനാട് ചെമ്പുമുക്കിലെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് പിടിയിലായത്.
പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിടുകയും എയർഗൺ വായിൽ വച്ച് ആത്മഹത്യാ ഭീഷണിമുഴക്കുകയും ചെയ്തു ഇയാൾ. ഒടുവിൽ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കൊച്ചി സിറ്റി ഷാഡോ പൊലീസ് സംഘാംഗങ്ങളും മാവേലിക്കര പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു.
2018ൽ തിരുവനന്തപുരം കിളിമാനൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അപ്പുണ്ണി നിരവധി കേസുകളിൽ പ്രതിയാണ്. ക്വട്ടേഷൻ സംഘാംഗമായ ഇയാളെ മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നവംബർ ഒന്നിന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാൻ പൊലീസുകാർ മാറിയ സമയത്താണ് മുങ്ങിയത്.
പലയിടത്തായി ഒളിവിൽ കഴിഞ്ഞ അപ്പുണ്ണി നാലു ദിവസം മുമ്പാണ് കാക്കനാട് എത്തിയത്. പൊലീസ് പുലർച്ചെ വീടുവളഞ്ഞ് വാതിൽ തകർത്ത് കയറിയപ്പോഴാണ് നായ്ക്കളെ അഴിച്ചുവിട്ടത്. രക്ഷയില്ലെന്നു കണ്ടപ്പോൾ തോക്കെടുത്ത് ആത്മഹത്യാ ഭീഷണിയും മുഴക്കി.