ആലുവ: പ്രതിപക്ഷം ദുർബലമായ രാജ്യത്ത് ഒരു രാജ്യം ഒരു പാർട്ടി എന്ന രീതിക്കെതിരെ ശക്തമായ പോരാട്ടം നയിക്കുവാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.
എടത്തലയിൽ ആരംഭിച്ച ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളിലൂടെ ചരിത്രത്തെ തെറ്റായ രീതിയിൽ പലപ്പോഴും അവതരിപ്പിക്കുന്നുണ്ട്. ആർ.എസ്.എസ്. ചരിത്രപരമായ വസ്തുതകളെ പോലും ഇതിലൂടെ വളച്ചൊടിക്കുകയാണ്.
യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. ഷെയ്ക്.പി. ഹാരിസ്, എം.കെ. ഭാസ്‌കരൻ, കെ.ജെ. സോഹൻ, വി. സുരേന്ദ്രൻപിള്ള, ഇ.കെ. സജിത്ത് കുമാർ, സിബിൻ തേവലക്കര എന്നിവർ സംസാരിച്ചു. പൂർവ്വകാല നേതൃസംഗമം എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.