എന്റെ നാടിന്റെ വികസന കോൺക്ലേവി​ൽകോതമംഗലത്തിന്റെ സ്വപ്നങ്ങൾ

കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന വികസന കോൺക്ലേവ് കോതമംഗലത്തിന്റെ വികസന ചരിത്രത്തിലെ പുത്തൻ അദ്ധ്യായമായി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നാടിന്റെ മുന്നേറ്റം ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണെന്ന ബോദ്ധ്യത്തോടെയാകണം ഇടപെടലുകൾ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം വികസന കോൺക്ലേവിൽ ആമുഖപ്രഭാഷണം നടത്തി. കോതമംഗലത്തെ കേരളത്തിന്റെ നെറുകയിൽ എത്തിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ മോഡൽ വികസനം ഒരു മാതൃകയായി മുന്നിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, കൃഷി, ടൂറിസം, സ്പോർട്സ് തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദ്ധർ നയിച്ച ചർച്ചയിൽ കോതമംഗലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള അനവധി നിർദേശങ്ങളാണ് ഉയർന്നുവന്നത്.

എഡ്യൂക്കേഷൻ ഹബ്, ബിസിനസ് ക്ലസ്റ്റർ, പൊതു മൈതാനം, ഓപ്പൺ പാർക്ക്, ടൂറിസം സർക്യൂട്ട്, മാലിന്യ സംസ്കരണ സംവിധാനം, ടൗൺ ഹാൾ,ഇൻഫോ പാർക്ക് സബ് സെന്റർ, സിന്തറ്റിക്ക് ട്രാക്ക്, സ്പോർട്സ്- അത്‌ലറ്റിക്സ് അക്കാഡമികൾ, ഇൻഡോർ സ്റ്റേഡിയം, പൊതു ശ്മശാനം, ആധുനിക മത്സ്യ-മാംസ മാർക്കറ്റ്, ഹെൽത്ത് ക്ലബ്, റിട്ടയർമെന്റ് ലിവിംഗ് ഹോം, ഫിനിഷിംഗ്സ്‌കൂൾ, മെഡിക്കൽ കോളേജ്, മെമു ട്രെയിൻ സർവീസ് തുടങ്ങിയ നിർദേശങ്ങൾ കോൺക്ലേവിൽ ഉയർന്നു. കൊച്ചിയിലേക്ക് നാലുവരിപ്പാത, തങ്കളം ബൈപാസ്, കോതമംഗലം വഴി വാണിജ്യ കോറിഡോർ,പഴയ മൂന്നാർ റോഡിന്റെ നവീകരണം, വെള്ളപ്പൊക്കം നേരിടാൻ മാസ്റ്റർ പ്ലാൻ, എന്നീ നി​ർദേശങ്ങളും ഉയർന്നു.

റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ, മുൻ മന്ത്രി ടിയു കുരുവിള, മുൻ കൊച്ചി മേയർ കെ ജെ സോഹൻ, ഒളിമ്പ്യൻ എംഡി വത്സമ്മ, എസ് ആർ നായർ, ജിബു പോൾ, ജേക്കബ് ഇട്ടൂപ്, പ്രവീൺ കണ്ടന്തറയിൽ, ബേബി മാത്യു സോമതീരം, ആൻറണി കണ്ടിരിക്കൽ, ഡോ. ഷിബു വർഗീസ്, മുൻ മുൻസിപ്പൽ ചെയർമാൻ വി.വി കുര്യൻ, മുൻസിപ്പൽ കൗൺസിലർമാരായ ജോർജ് അമ്പാട്ട്, പ്രിൻസ് വർക്കി,ഷിബി മാത്യു എന്നിവർ പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.എം കുര്യക്കോസ് നിർദേശങ്ങൾ ക്രോഡീകരിച്ച് വികസന മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിച്ചു.