• എറണാകുളം നഗരത്തിലെ ഒരു വിരുതന്റെ വിക്രിയകൾ മൂലം കെ.എസ്.ഇ.ബിക്കാർ വലയുന്നു. തോന്നുമ്പോൾ ഫ്യൂസൂരുക, പകൽ വഴിവിളക്കുകൾ തെളിക്കുക, രാത്രി ഓഫാക്കുക തുടങ്ങിയവയാണ് മനോരോഗിയെന്ന് കരുതുന്ന വിരുതന്റെ വിനോദങ്ങൾ....
കൊച്ചി : രണ്ടുമൂന്നു ദിവസമായി എറണാകുളം എം.ജി.റോഡ്, മഹാരാജാസ് കോളേജ് പരിസരങ്ങളിൽ അപ്രതീക്ഷിത പവർകട്ടും, പകൽ വഴിവിളക്കുകൾ തെളിക്കലും മറ്റും ആവർത്തിക്കുന്നു. പരാതികൾ തുടർച്ചയായപ്പോൾ കെ.എസ്.ഇ.ബിയുടെ കോളേജ് സെക്ഷൻ ജീവനക്കാർ വലഞ്ഞു. പരാതി കേട്ട് ചെല്ലുമ്പോഴേക്കും പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും. ചാത്തൻസേവയെ പോലെ കാര്യങ്ങൾ നീങ്ങവേ ഒരു കടയുടമയാണ് ആ രഹസ്യം കണ്ടെത്തിയത്. മനോരോഗിയെന്ന് തോന്നിക്കുന്ന ഒരാളാണ് കറണ്ടിൽ കളി നടത്തുന്നത്. ഇയാളുടെ ചിത്രം ഇദ്ദേഹം മൊബൈലിൽ പകർത്തി കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുമുണ്ട്.
നഗരത്തിലെ വഴിവിളക്കുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലാണ് കുറച്ചുകാലമായി കത്തുന്നത്. ട്രാൻസ്ഫോർമറിനടുത്തുള്ള സ്വിച്ച് വഴിയും ഇവ പ്രവർത്തിപ്പിക്കാം. ഇതാണ് അജ്ഞാതൻ പ്രയോഗിക്കുന്നത്. ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകളും ഉൗരി വയ്ക്കുന്നുണ്ട്. ഷോക്കടിക്കാതെ ഇതൊക്കെ ചെയ്യണമെങ്കിൽ ആള് നിസാരക്കാരനല്ല. ഇപ്പണി അറിയാവുന്നയാൾ തന്നെയാകണമെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ നിഗമനം.
തങ്ങൾക്ക് ജോലിയുണ്ടാക്കുന്ന വിരുതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി ജീവനക്കാർ.
മലയാളി ആണോയെന്ന് ഉറപ്പില്ല. ശശിയെന്നാണ് പേരെന്നും തമിഴാണ് സംസാരിക്കുന്നതെന്നും ഒക്കെ പലവിധ വിവരങ്ങൾ പലരും പറയുന്നുണ്ട്. സെൻട്രൽ പൊലീസിൽ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആളെ കിട്ടിയിട്ടില്ല.