കോതമംഗലം: ജില്ലാ സ്‌കൂൾ കായികമേളയിൽ മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ആൽബിൽ ബോസും തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസിലെ എ.എസ്. സാന്ദ്രയും മീറ്റിലെ വേഗമേറിയ താരങ്ങളായി. സീനിയർ ആൺകുട്ടികളുടെ നൂറുമീറ്ററിൽ 11.2 സെക്കൻഡിലാണ് ആൽബിൻ ഒന്നാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ നൂറുമീറ്ററിൽ 12.5 സെക്കൻഡിലായിരുന്നു സാന്ദ്രയുടെ നേട്ടം.
കോതമംഗലം എം.എ സ്‌പോർട്‌സ് അക്കാഡമിയിലാണ് ആൽബിന്റെ പരിശീലനം. കഴിഞ്ഞവർഷം സംസ്ഥാന സ്‌കൂൾ മീറ്റിൽ ജൂനിയർ വിഭാഗം 100 മീറ്ററിൽ വെങ്കലവും ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസിൽ 400 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. പിറവം കക്കാട് പാലയ്ക്കാമലയിൽ ടി.ജെ. ബോസിന്റെയും ലീലയുടെയും മകനാണ് പ്‌ളസ്ടു വിദ്യാർത്ഥിയായ ആൽബിൻ.
മേഴ്‌സിക്കുട്ടൻ അക്കാഡമിയിൽ അഞ്ചുവർഷമായി പരിശീലനം നടത്തുന്ന സാന്ദ്ര കഴിഞ്ഞ സംസ്ഥാന സ്‌കൂൾ മീറ്റിൽ 400,100, 200 മീറ്ററുകളിലും 400 മീറ്റർ റിലേയിലും സ്വർണം നേടിയിരുന്നു. ദേശീയമീറ്റിൽ നേടിയ 12.4 ആണ് കരിയറിലെ മികച്ച സമയം. അന്ന് മൂന്നാം സ്ഥാനമായിരുന്നു. ഇന്ന് നടക്കുന്ന 400 മീറ്ററിലും സാന്ദ്ര മത്സരിക്കുന്നുണ്ട്. കൊട്ടാരക്കര ഗോവിന്ദമംഗലം ചരുവിളവടക്കേതിൽ അജിമോൻ ജോയിയുടെയും ഷൈനിയുടെയും മകളാണ്. പ്‌ളസ്‌ടു വിദ്യാർത്ഥിനിയാണ്.