കോതമംഗലം: പലിശീലനവുമില്ല പരിശീലിപ്പിക്കാനാളുമില്ല. രണ്ടു കമ്പുകളിൽ മറ്റൊരു കമ്പ് വിലങ്ങനെ കെട്ടിവച്ച് ചാടും. എത്രമീറ്റർ പൊക്കമെന്നത് ടേപ്പിന് അളക്കും. സംഗതി വിജയിച്ചു. സബ്‌ജൂനിയർ ബോയ്‌സ് ഹൈജമ്പിൽ സ്വർണവുമായാണ് മടക്കം ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ വി.എസ്. അനന്തകൃഷ്‌ണനാണ് താരം.
ചെറുപ്പത്തിലെ ഹൈജമ്പിലായിരുന്നു കമ്പം. കാരണം ചോദിച്ചാൽ ഒന്നുചിരിക്കും. ചാടിവീഴുന്നത് മെത്തയിലാണല്ലോ. പക്ഷേ, വീട്ടിൽ പരിശീലിപ്പിക്കുമ്പോൾ മണ്ണിലേക്കുതന്നെ വീഴും. സ്‌കൂളിൽ മൈതാനമില്ലാത്തതിനാൽ ഇടയ്‌ക്ക് മുളന്തുരുത്തിലയിലെ സ്‌കൂളിൽ കൊണ്ടുപോകുമ്പോൾ മാത്രമാണ് നിലവാരമുള്ള പരിശീലനം. 1.45 മീറ്റർ ചാടിയാണ് ആദ്യവരവിൽ തന്നെ അനന്തകൃഷ്‌ണൻ താരമായത്. വൈക്കം കൊടിയാട് വല്യോടിയിൽ വി.ബാബു- ഷീജ ദമ്പതികളുടെ മകനാണ്. ബാബു കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ്.