കോതമംഗലം: മത്‌സരത്തിനിടെ പരിക്കേറ്റ് വീണ താരം മൈതാനത്ത് 20 മിനിട്ടിലധികം കിടക്കേണ്ടിവന്നത് മീറ്റിന്റെ തുടക്കത്തിലേ വിവാദങ്ങൾക്ക് വിസിലൂതി. ഇതിന് തൊട്ടുപിന്നാലെ കുടിവെള്ളം പോലുമില്ലെന്ന ആരോപണങ്ങളുമായി ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ പോരാട്ടം ട്രാക്കിൽനിന്ന് വഴിമാറി.

ജൂനിയർ ബോയ്സ്‌ 3000 മീറ്റർ മത്സരത്തിനിടെയാണ് എളന്തിക്കര എച്ച്.എസ്.എസിലെ ഐവിൻ ടോമി കടുത്ത പേശിവലിവ് മൂലം മൈതാനത്ത് വീണത്. ഉ‌ടനെ ഡോക്‌ടറെത്തി പരിശോധിച്ച് പ്രാഥമികചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചു. വേദന സഹിക്കാനാവാതെ ഐവിൻ മൈതാനത്ത് കിടന്നുഉരണ്ടു. ഇതിനിടെ രണ്ടു വിദ്യാർത്ഥികൾ തോളിൽ താങ്ങി ട്രാക്ക് മുറിച്ചുകടന്ന് മറുവശത്തെത്തിച്ചു. വിദ്യാർത്ഥികൾ താങ്ങി നിറുത്തിയപ്പോഴും താരം വേദനയാൽ പുളയുകയായിരുന്നു. ആംബുലൻസ് സമീപം ഉണ്ടെങ്കിലും ഗ്രൗണ്ടിലേക്ക് ഇറക്കാൻ മാർഗമില്ലായിരുന്നു.

3000 മീറ്റർ ജൂനിയർ ഗേൾസിന്റെ മത്സരങ്ങൾ കൂടി കഴിഞ്ഞതോടെ ഉദ്ഘാടന ചടങ്ങായിരുന്നു. ഈ സമയം മറ്റ് വിഷയങ്ങളിൽ പ്രതിഷേധിക്കാൻ കാത്തുനിന്ന കായികാദ്ധ്യാപകർ താരം 20 മിനിട്ട് മൈതാനത്ത് കിടന്നിട്ട് സംഘാടകർ തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് കളം കൊഴിപ്പിച്ചു. സ്ട്രെച്ചറില്ലെന്നായിരുന്നു പ്രധാന ആരോപണം. ബഹളം കനത്തതോടെ നിമിഷങ്ങൾക്കകം സ്ട്രെച്ചറിൽ താരത്തെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

ഉദ്ഘാടന ചടങ്ങ് തുടങ്ങിയതോടെ മേളയുടെ ഒഫീഷലുകളായ കായികാദ്ധ്യപകർ കറുത്തതുണിയിൽ വായ്‌മൂടിക്കെട്ടി ട്രാക്കിലിറങ്ങി. ഉദ്ഘാ‌ടകനായ ഡീൻ കുര്യാക്കോസ് എം.പി പ്രസംഗിക്കുമ്പോൾ വേദിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് കായികാദ്ധ്യാപകർ പ്രതിഷേധിച്ചു. കായികാദ്ധ്യാപക തസ്‌തിക മാനദണ്ഡം പരിഷ്ക്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം, ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാകപർ 163 ദിവസമായി ചട്ടപ്പടി സമരത്തിലാണ്. സംയുക്ത കായികാദ്ധ്യാപക സംഘടന ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.