കൊച്ചി: ആദിവാസി ഉൗരായ പിണവൂർക്കുടിയിൽ നിന്ന് അവർ നാലുപേർ. ടി.എസ്. ശരത്ത്, ജി.സുധീഷ്, സന്ദീപ്, ആർ. അനീഷ്. ട്രാക്കിൽ പുതിയ വേഗവും റെക്കാഡും ലക്ഷ്യമിട്ടുള്ള പോരാട്ടങ്ങൾക്ക് ഇവർ തുടക്കം കുറിച്ചു. പരിശീലകനായ കുര്യാക്കോസിനും മനസ് നിറയെ സ്വപ്‌നങ്ങൾ.

പിണവൂർകുടി ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് നാൽവർസംഘം. അവിടുത്തെ പോസ്‌റ്റ്മെട്രിക് ഹോസ്‌റ്റലിലാണ് താമസം. ജൂനിയർ ബോയ്‌സ് 100 മീറ്ററിൽ ശരത് നാലാം സ്ഥാനത്തെത്തി. ഇനി 200 മീറ്ററിൽ മത്സരിക്കാനുണ്ട്. സബ്‌ജൂനിയർ 100 മീറ്ററിൽ സ്‌റ്റാർട്ടിംഗ് പ്രശ്‌നത്തിൽ സുധീഷിന് ഓടാൻ കഴിഞ്ഞില്ല. മത്സരം പൂർത്തീകരിച്ച് ഫലവും പ്രഖ്യാപിച്ചു. എന്നാൽ, ഈ മത്സരം വീണ്ടും നടത്തിയപ്പോൾ സുധീഷ് മൂന്നാം സ്ഥാനത്തെത്തി. 600 മീറ്ററിൽ രണ്ടാം സ്ഥാനവും നേടി. ആർ. അനീഷ് 400 മീറ്റർ റിലേയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞവർഷം സുധീഷ് മാത്രമാണ് പങ്കെടുത്തത്. കുര്യാക്കാേസ് പരിശീലനം നൽകാൻ തുടങ്ങിയിട്ട് ഒരു വർഷമേയായുള്ളൂ. സുധീഷ് (ഉറിയൻപെട്ടി), സന്ദീപ് (കുഞ്ഞിപ്പാറ), ശരത് ( പൊങ്ങിൻചുവട്), അനീഷ് ( മാമലകണ്ടം) ഉൗര് നിവാസികളാണ്.