കൊച്ചി: അർബുദ ചികിത്സയിലടക്കം യന്ത്രോപകരണങ്ങൾക്കും സോഫ്റ്റ്‌വെയറിനുമുള്ള പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യപരിപാലന രംഗത്ത് സ്റ്റാർട്ടപ്പുകളുടെ പ്രസക്തിയും വർദ്ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷനും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും ചേർന്ന് കളമശേരി ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച കാൻക്യുർ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ അവസാനിച്ച ത്രിദിന സമ്മേളനത്തിൽ വിദേശ പ്രതിനിധികളടക്കം ഇരുനൂറോളം വിദഗ്ദ്ധരാണ് ചർച്ചകളിൽ പങ്കെടുത്തത്. ആരോഗ്യമേഖലയിലെ അനുബന്ധ വ്യവസായങ്ങളും ഡോക്ടർമാരുമടങ്ങുന്ന വെർച്ച്വൽ കമ്മ്യൂണി രൂപീകരിക്കാൻ സമ്മേളനത്തിൽ ധാരണയായി. അർബുദ രോഗത്തിനെതിരായ പോരാട്ടത്തിൽ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാകും ഈ സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ജിത് തോമസ് പറഞ്ഞു.