road
മൂഴിക്കുളം - വട്ടപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് റോഡിൽ മൂഴിക്കുളം പള്ളിക്കു സമീപം കുണ്ടും കുഴിയുമായി കിടക്കുന്നു

# ജലസേചന - പൊതുമരാമത്ത് വകുപ്പുകൾക്ക് മിണ്ടാട്ടമില്ല

നെടുമ്പാശേരി: മൂഴിക്കുളം - വട്ടപ്പറമ്പ് പൊതുമരാമത്ത് റോഡിൽ മൂഴിക്കുളം ജംഗ്ഷനു സമീപം നടുവൊടിക്കും കുഴികൾ രൂപപ്പെട്ടിട്ട് നാളേറെയായി. മഴകൂടി പെയ്യുന്നതോടെ യാത്ര അതിദുരിതമായി. നിത്യേന വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഈ വഴി സഞ്ചരിക്കുന്നത്. റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധം കനത്തു.

# പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തത് പാരയായി

ജലസേചനവകുപ്പ് ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന് കുറുകെ കുഴിയെടുത്തതാണ് ഇവിടം മരണക്കുഴികളാകാൻ കാരണം. പൈപ്പിട്ടിട്ടും ടാറിംഗ് നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല.

ഇതേതുടർന്ന് വാഹനയാത്രക്കാരും കാൽനടക്കാരും ദുരിതത്തിലായി. മൂന്ന് വർഷത്തോളമായി ഇവിടെ ഇതാണ് അവസ്ഥ. ലക്ഷങ്ങൾ ചെലവഴിച്ച് ടാർ ചെയ്ത പൊതുമരാമത്ത് വകുപ്പിന്റെ റോഡിനാണ് ഈ ദുർഗതി.

# സമരവുമായി ബി.ജെ.പി

അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.