ആലുവ: അയോദ്ധ്യ കേസിൽ ക്രമസമാധാനം തകർക്കുന്ന പ്രചരണം തടയാൻ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾക്ക് സ്വയം നിയന്ത്രിത പൂട്ടിട്ട അഡ്മിന്മാർ എല്ലാം ശാന്തമാണെന്ന് ഉറപ്പായപ്പോൾ വീണ്ടും തുറന്നു.
അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ശനിയാഴ്ചയാണെങ്കിലും വെള്ളിയാഴ്ച്ച രാവിലെ തന്നെ സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ്കുമാറിന്റെ മുന്നറിയിപ്പ് സന്ദേശം പുറത്തുവന്നിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച രാത്രിയായപ്പോഴേക്കും ഭൂരിപക്ഷം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും അഡ്മിൻ ഒൺലി മോഡിലേക്ക് മാറിയിരുന്നു. ഗ്രൂപ്പുകളിലെ അഡ്മിൻമാർക്ക് മാത്രം മെസേജ് അയക്കാവുന്ന രീതിയിലേക്കാണ് ഗ്രൂപ്പുകൾ മാറിയത്. എല്ലാം ശാന്തമാണെന്ന് ബോദ്ധ്യമായതോടെ ഇന്നലെ വൈകുന്നേരത്തോടെ മിക്ക ഗ്രൂപ്പുകളും പഴയപോലെ സജീവമായി.
മതസ്പർദ്ധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നായിരുന്നു പൊലീസ് മുന്നറിയിപ്പ്. ഗ്രൂപ്പ് അഡ്മിന്മാർക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഗ്രൂപ്പുകൾ പൂട്ടിക്കെട്ടാൻ കാരണം.