 പിറന്നത് രണ്ട് മീറ്റ് റെക്കാഡുകൾ

 മാർ ബേസിലിന്റെ ബിൻല ബാബുവിന് ഡബിൾ

കോതമംഗലം:ചാമ്പ്യൻ സ്‌കൂളായ കോതമംഗലം സെന്റ് ജോർജ് കളമൊഴിഞ്ഞതോടെ ആവേശം കെട്ടടങ്ങിയ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് എതിരാളികളില്ലാതെ കുതിക്കുന്നു. 29 ഫൈനലുകൾ പൂർത്തിയായപ്പോൾ മാർ ബേസിൽ 10 സ്വർണവും 11 വെള്ളിയും നാലു വെങ്കലവുമായി 87 പോയിന്റ് നേടി. ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ നേതൃത്വം നൽകുന്ന എറണാകുളം മേഴ്‌സിക്കുട്ടൻ അക്കാഡമിയുടെ കരുത്തിൽ പെരുമാനൂർ സെന്റ് തോമസ് ഗേൾസ് എച്ച്.എസ് 26 പോയിന്റുമായും തേവര എസ്.എച്ച്.എച്ച്.എസ് 19 പോയിന്റുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഈ രണ്ട് സ്‌കൂളുകളിലെയും മെഡൽ ജേതാക്കളെല്ലാം മേഴ്‌സിക്കുട്ടൻ അക്കാഡമിയിൽ പരിശീലിക്കുന്നവരാണ്. ഉപജില്ലകളിൽ കോതമംഗലം തന്നെയാണ് മുന്നിൽ. രണ്ട് മീറ്റ് റെക്കാഡുകൾ മാത്രമാണ് ഇന്നലെ പിറന്നത്.

ആദ്യദിനം മഴമൂലം വൈകിട്ട് മൂന്നരയോടെ മത്സരങ്ങൾ അവസാനിപ്പിച്ചെങ്കിലും ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌ക്കസ് ത്രോ ഒഴികെയുള്ള മത്സരങ്ങളെല്ലാം പൂർത്തിയായിരുന്നു. ഇന്ന് 29 ഇനങ്ങളിൽ ഫൈനൽ നടക്കും. 14 ഉപജില്ലകളിൽ നിന്നു നാലായിരത്തോളം വിദ്യാർഥികൾ മൽസരിക്കുന്നുണ്ട്.

കായികമേള ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം എം.എ കോളേജ് മൈതാനയിൽ നടക്കുന്ന മേള നാളെ സമാപിക്കും.

 29 മത്സരങ്ങളിൽ തിരുത്തിയത് 2 റെക്കാഡുകൾ

സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ജിബിൻ തോമസും (62.80 മീറ്റർ), ഹൈജമ്പിൽ എറണാകുളം പനമ്പിള്ളി നഗർ ജി.എച്ച്.എസ്.എസിലെ ടി.ജെ. ജോസഫും (7.31 മീറ്റർ) മീറ്റ് റെക്കാഡിന് ഉടമകളായി.

സീനിയർ പെൺകുട്ടികളുടെ 3000, 8000 മീറ്ററുകളിൽ സ്വർണം നേടിയ ബിൽന ബാബു (മാർ ബേസിൽ, കോതമംഗലം) ആദ്യ ദിനം ഇരട്ട സ്വർണനേട്ടം സ്വന്തമാക്കി. ട്രാക്കിൽ ഒരു റെക്കാഡ് പോലും പിറക്കാതെ പോയത് സിന്തറ്റിക് ട്രാക്കിന്റെ അഭാവമാണെന്ന് കായികാദ്ധ്യാപകർ പറയുന്നു. കോതമംഗലം സെന്റ് ജോർജ് മത്സരരംഗം വിട്ടതോടെ വാശിയേറിയ പോരാട്ടങ്ങളും കണികാണാനില്ലാതായി.