കൂത്താട്ടുകുളം: പാലക്കുഴയിലെ പെൺകരുത്തിൽ തരിശുഭൂമി പൊൻകതിർ വിളയിക്കും. പഞ്ചായത്തിലെ മുങ്ങാംകുന്നിലെ അഞ്ചേക്കർ പാടത്താണ് കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്തും കൃഷി വകുപ്പുമായി ചേർന്ന് കൃഷിയിറക്കുന്നത്. കുടുംബശ്രീയിലെ മലർവാടി ഗ്രൂപ്പിൽപ്പെട്ട വനിതകൾ വെള്ളക്കെട്ട് നിറഞ്ഞ പുത്തൻ കണ്ടത്തിൽത്താഴം പാടശേഖരം കൃഷിയോഗ്യമാക്കിയത് കഠിന പ്രയത്നത്തിലൂടെയാണ്. വെള്ളക്കെട്ട് മൂലം ചളി നിറഞ്ഞതിനാൽ കാളയും ട്രാക്ടറും ഇറക്കുവാൻ പറ്റാത്ത ഇവിടെ ഇവർ തന്നെ ഞവരിവലിച്ച് നിലം ഒരുക്കുകയായിരുന്നു. പാടശേഖരം കുഷിയോഗ്യമാക്കുന്നതിന്റെ മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി മുങ്ങാംകുന്ന് ആരക്കുഴ തോടിന് ചേർന്നുള്ള ഭാഗത്ത് സംരക്ഷണഭിത്തിയും നിർമ്മിച്ചിരുന്നു. തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുവാനായി കുംബശ്രീ കർഷകർക്ക് ആവശ്യമായ വിത്ത് കൃഷി വകുപ്പിൽ നിന്ന് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ.കെ ജോസ് പറഞ്ഞു.