kothuk1
കൊതുക് നശീകരണ യജ്ഞത്തിലേർപ്പെട്ടിരിക്കുന്നവർ

സ്വന്തം ലേഖിക

കൊച്ചി: ഒത്തൊരുമിച്ചാൽ മലയും പോരും എന്ന മലയാളം ചൊല്ലിനെ അന്വർത്ഥമാക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ നഗരം സാക്ഷിയായത്. കൊച്ചിക്കാരുടെ പേടിസ്വപ്നമായ ഇത്തിരിക്കുഞ്ഞൻ കൊതുകുകളെ കെട്ടുകെട്ടിക്കാൻ ഒറ്റക്കെട്ടായി നിന്ന നഗരവാസികളുടെ കാഴ്ച. ഡെങ്കിപ്പനിയുടെ പേടിയിൽ നിന്ന് കൊച്ചി നഗരത്തെ മോചിപ്പിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയ പ്രവർത്തനത്തിന്റെ പേര് 'ഒരുമ'. ജനകീയ കൂട്ടായ്മയുടെ ഭാഗമായി കൊതുകിനെ തുരുത്താൻ ആയിരക്കണക്കിന് വീട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ ആരോഗ്യകേരളത്തിൽ പുതുചരിത്രം സൃഷ്ടിക്കപ്പെട്ടു.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യമിഷനും കൊച്ചി നഗരസഭയും ആരോഗ്യവകുപ്പും കുടുംബശ്രീയും ഒത്തൊരുമിച്ച് നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് കൊതുകുനശീകരണ ജനകീയ ക്യാമ്പയിനിൽ പ്രവർത്തിച്ചത്. പ്രവർത്തനത്തിന്റെ ഫലമായി ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിൽ വലിയ നിയന്ത്രണം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നലെ നഗരത്തിൽ നടന്ന കൊതുകനശീകരണയജ്ഞം ഡിവിഷൻ കൗൺസിലർമാരും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഉദ്യോഗസ്ഥരും പ്രവർത്തനം ഏകോപിപ്പിച്ചു. വീടുകൾക്കു പുറമെ വ്യാപാര സ്ഥാപനങ്ങളിലെ കടയുടമകളും ശുചീകരണ, കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് രാവിലെ മുതൽ മൈക്ക് പ്രചാരണം നൽകി. പ്രചരണ വാഹനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊതുകുകൾക്കെതിരെയുള്ള ഫോഗിംഗും സ്‌പ്രേയിംഗും ഉറവിട നശീകരണ പ്രവർത്തനങ്ങളുമായിട്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്

ഒരുമയുടെ ഭാഗമായവർ

700 റെസിഡന്റ്സ് അസോസിയേഷനുകൾ

കുടുംബശ്രീ യൂണിറ്റുകൾ

ഡിവിഷൻ കൗൺസിലർമാർ

നഗരസഭ ആരോഗ്യവിഭാഗം

ദേശീയ ആരോഗ്യ ദൗത്യത്തിലെ ജീവനക്കാർ

ജില്ലാഭരണകൂടം

ജില്ലാ ആരോഗ്യ വകുപ്പ്

തുരത്താം, ഒരുമിച്ച്

'ആഴ്ചയിലൊരിക്കൽ കുറഞ്ഞ സമയം കൊണ്ട് ഓരോരുത്തരും തങ്ങളുടെ വീടുകൾക്കുള്ളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാൽ കൊതുകിനെതിരെയുള്ള 'ഒരുമ'യുടെ നേട്ടം എന്നന്നേക്കുമായി നിലനിറുത്താനാകും.'

ഡോ. എൻ.കെ കുട്ടപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ എറണാകുളം