കൊച്ചി : കൊച്ചി കോർപ്പറേഷൻ ഡപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ആർ. പ്രേമകുമാർ മത്സരിക്കും. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം നിശ്ചയിച്ച സ്ഥാനാർത്ഥിയെ യു.ഡി.എഫ് കൗൺസിലർമാരുടെ യോഗവും അംഗീകരിച്ചു. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്.
ടി.ജെ. വിനോദ് എം.എൽ.എയായി വിജയിച്ച ഒഴിവിലാണ് പ്രേമകുമാറിനെ മത്സരിപ്പിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ ഏകകണ്ഠമായാണ് അദ്ദേഹത്തെ നിശ്ചയിച്ചതെന്ന് നേതാക്കൾ അറിയിച്ചു. റോസ് മേരി, സ്വതന്ത്രഅംഗം ഗീത പ്രഭാകർ എന്നിവരൊഴികെ മുഴുവൻ കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു. കൊച്ചി പതിനാറാം ഡിവിഷനിലെ കൗൺസിലറാണ് പ്രേമകുമാർ.