കൊച്ചി: വെറുതെ വീഡിയോ എടുത്തുകളിക്കുക മാത്രമല്ല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കെന്ന് കാണിക്കുകയാണ് ടിക്ടോക്കിൽ അറിയപ്പെടുന്ന മൂവർ സംഘം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒന്നിച്ചുനിൽക്കാൻ ടിക്ക്ടോക്കിലൂടെ ഒരു കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് ഇവർ. പെണ്ണേ നീ തീയാവുക, നീ ആളിക്കത്തുക എന്ന പേരിലാണ് ഇവർ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശികളായ അസൂസ്, ഗോകുൽ, തൃശൂർ സ്വദേശിയായ ജിതിൻ എന്നിവരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ. ഇവർ ടിക്ടോക്കിലൂടെ നൽകിയ സന്ദേശം കേട്ട് കഴിഞ്ഞ ദിവസം മറൈൻഡ്രൈവിൽ അമ്പതോളം പേരെത്തി.
ടിക്ടോക്കിൽ ഇച്ചായൻ എന്നറിയപ്പെടുന്ന ഗോകുൽ മലപ്പുറം സ്വദേശിയാണ്. പ്രവാസിയാണ് അസൂസ്. ജിതിൻ തൃശൂരിൽ ബി.ഫാം വിദ്യാർത്ഥിയും. വാളയാർ പെൺക്കുട്ടികൾക്ക് നീതി ലഭിക്കാതെ പോയി എന്ന ചിന്തയിൽ നിന്നാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. ഗോകുൽ തന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടെ ആശയം പങ്കുവച്ചപ്പോൾ പത്ത് പേരോളം മുന്നോട്ടു വന്നെങ്കിലും പിന്നീട് ഈ മൂവർസംഘത്തിൽ ഒതുങ്ങുകയായിരുന്നു. എങ്കിലും ഇതിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇവർ. രാഷ്ട്രീയസംഘടനകളുടെ പിൻബലമില്ലാതെ, ഫ്ലക്സിന്റെയോ മൈക്കിന്റെയോ സഹായം ഇല്ലാത്ത വ്യത്യസ്ത പ്രതികരണ നയവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
'സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതെന്തും ഏറ്റെടുക്കാൻ ജനം തയ്യാറാണ്. പെൺകുട്ടികളുടെ ഉള്ളിലെ പേടിയാണ് മാറേണ്ടത്. അവർക്കു വേണ്ടി ഒരു പ്ളാറ്റ്ഫോം ഉണ്ടാക്കിയെടുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ മാത്രമേ ആളുകൾ പ്രതികരിക്കൂ. ഈ ചിന്താഗതി മാറണം. സ്ത്രീ ശബ്ദമുയർത്തണം, പോരാടണം.'
ഗോകുൽ
'ഇന്ന് തന്റെ കൂടെപ്പിറപ്പ് നാളെ മറ്റൊരാളുടെ അമ്മയാകാനുള്ളതാണ് എന്ന ഓർമ്മ എല്ലാവർക്കും വേണം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. സ്റ്റാറ്റസിനും ലൈക്കിനും ഷെയറിനുമുപരി സോഷ്യൽമീഡിയ നേരിട്ടിറങ്ങി പ്രതികരിക്കണം'
അസൂസ്
'മാറേണ്ടത് സ്ത്രീകളാണ്.പ്രതികരിക്കണം. സാമൂഹ്യമാധ്യമങ്ങൾ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗപ്രദമാക്കണം. കാമ വികാരത്തോടെ അടുക്കുന്ന പുരുഷനെ വിവേകത്തോടെ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന് മുന്നിൽ കൊണ്ടു വരണം. '
ജിതിൻ