കൊച്ചി: സ്വരധാർ എന്ന മുംബെയിലെ തെരുവു ഗായകസംഘം ഇന്ന് എറണാകുളം. ടി.ഡി.എം ഹാളിലാണ് പാട്ടിന്റെ പുതിയ ആസ്വാദനതലങ്ങളെ തൊട്ടുണർത്തും. ആനന്ദാതിരേകവും ആഴവും മുഴക്കവുമുള്ള വിഷാദവും പ്രണയത്തിന്റെ തീവ്രതയും വിരഹവും ഭക്തിയുടെ നിറവും മനസിനെ ആകർഷിക്കുന്ന ഒരപൂർവ സംഗീത സായാഹ്നത്തിനാണ് ഇന്ന് വേദിയാവുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 പേർ ഉൾപ്പെട്ടതാണ് സ്വരധാർ ഗായകസംഘം. വെെകല്യങ്ങളെ തുടർന്ന് അനാഥരാക്കപ്പെട്ട് റെയിൽവേ പ്ളാറ്റ് ഫോമുകളിൽ പാടി നടന്നവരാണ് സ്വരധാറിലെ ഗായകർ. അന്ധരായ രണ്ടംഗങ്ങളുമായി 2015 ൽ ആരംഭിച്ച സ്വരധാറിൽ അന്ധരായ 35 പേരും പോളിയോ ബാധിച്ച ഒരാളും ഉൾപ്പെടെ 50 പേരുണ്ട്. ശാരീരിക വെെകല്യങ്ങളെത്തുടർന്ന് വീട്ടുകാർ ഉപേക്ഷിച്ച ഇവരിൽ പലരുടേയും ജീവിത മാർഗം മെച്ചപ്പെട്ടു. അതോടെ പലരേയും ബന്ധുക്കൾ തിരികെകൊണ്ടുപോകാനും തയ്യാറായതായി സ്വരധാർ സ്ഥാപക ഹേമലത പറയുന്നു. അമിതാഭ് ബച്ചനൊപ്പം സംഗീത പരിപാടിയിൽ പങ്കെടുത്ത അന്ധഗായകൻ വിലാസ് നോണിയെ വീട്ടുകാർ കൊണ്ടുപോയി. ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത ദീപകിനെ സംഗീതജ്ഞൻ വിശാൽ ദത്ത്ലാനി ഏറ്റെടുത്തു. സ്റ്റേജ് പരിപാടികളുമായി രാജ്യം മുഴുവൻ സഞ്ചരിക്കുമ്പോഴും ഇന്നും അവരെല്ലാവരും സമയം കിട്ടുമ്പോഴെല്ലാം തെരുവുകളിൽ പാടും. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വിവിധ ഭാഷകളിലെ നൂറുക്കണക്കിന് പാട്ടുകളുടെ ശ്രുതിയും വരിയും കാണാപ്പാഠം. ക്ഷണം കിട്ടുന്ന ഏതുവേദിയിലും സംഗീതം അവതരിപ്പിക്കും. ഭജൻസും ഭക്തിഗാനങ്ങളും എല്ലാം ഇവർക്ക് വഴങ്ങും.
സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നൊരുക്കുന്ന സത്യസായി ബാബയുടെ 94-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത സായാഹ്നം. വെെകീട്ട് 6 ന് കൊച്ചിൻ നേവൽ ബേസ് ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ചീഫ് വെെസ് അഡ്മിറൽ എ.കെ. ചാവ്‌ള ഉദ്ഘാടനം ചെയ്യും. കളക്ടർ എസ്. സുഹാസ്, ചിത്രാവതിയിലെ സായി സെന്റർ കൺവീനർ അഡ്വ. ഗോവിന്ദ് കെ. ഭരതൻ, സത്യസായി ഓർഫനേജ് ട്രസ്റ്ര് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. അനന്ദകുമാർ കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.