# സംഭവം കുടകിൽ
നെടുമ്പാശേരി: മൈസൂർ, കുടക് എന്നീ സ്ഥലങ്ങളിൽ വിനോദയാത്രയ്ക്ക് പോയ സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയോടെ മൈസൂർ കുടക് റോഡിൽ കുടകിന് സമീപമായിരുന്നു അപകടം.
അങ്കമാലി ഡി പോൾ ഇ.എം. എച്ച്.എസ്.എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് മൂന്ന് ബസുകളിലായി 120 ഓളം വിദ്യാർത്ഥികൾ വ്യാഴാഴ്ച വിനോദയാത്രയ്ക്ക് പോയത്. മൈസൂർ സന്ദർശിച്ച ശേഷം കുടകിലേക്ക് വരുമ്പോൾ മുമ്പിൽ പോയ ലോറിയെ മറികടക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വന്ന ബസിലുള്ളവരും അപടത്തിൽപ്പെട്ട ബസിന്റെ ചില്ലുകൾ ഉടച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവർക്ക് കുടകിലെ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം മറ്റൊരു ബസിൽ നാട്ടിലേക്ക് കൊണ്ടുവന്നു.