നെടുമ്പാശേരി: വിവാഹവാഗ്ദാനം നൽകി രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയിൽ. കലൂർ പൊറ്റക്കുഴിയിൽ ഭാര്യയും കുട്ടികളുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തടിയമ്പാട് വാഴത്തോപ്പ് തേങ്ങാപുരയ്ക്കൽ വീട്ടിൽ എർവിൻ ടി. ജോയ് (31) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. മൂന്ന് പെൺകുട്ടികളുടെ പിതാവായ എർവിൻ ഈ വിവരം മറച്ചുവച്ചാണ് റോൺ എന്ന വ്യാജപേരിൽ ഡിവോഴ്‌സ് മാട്രിമോണിയലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. വിവാഹമോചിതനാണെന്ന വ്യാജേന വിവാഹബന്ധം വേർപെടുത്തിയ യുവതികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വിദേശത്ത് ജോലിയുള്ള ഇടുക്കിയിലും നിലമ്പൂരിലുമുള്ള രണ്ട് യുവതികളെയാണ് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചത്. അവരെ വിദേശത്തുനിന്നു വിളിച്ചുവരുത്തി നെടുമ്പാശേരിയിലെ ലോഡ്ജിൽ മുറിയെടുത്തശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പണത്തിന്റെ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണവും സ്വർണാഭരണങ്ങളും കൈവശപ്പെടുത്തുകയുമായിരുന്നു. ഇടുക്കി സ്വദേശിനി നൽകിയ പരാതിയിൽ പിടിയിലായ ഇയാളുടെചിത്രം മാദ്ധ്യമങ്ങളിൽ കണ്ടാണ് നിലമ്പൂർ സ്വദേശിനിയും പരാതിയുമായത്തിയത്. പറവൂരിലെ ഒരു വ്യാജ വിലാസമാണ് പ്രതി ഓൺലൈനിൽ ചേർത്തിരുന്നത്. വിവാഹം കഴിഞ്ഞ ആറാം മാസം ഭാര്യ രോഗം ബാധിച്ചു മരിച്ചെന്നാണ് പ്രതി യുവതികളെ ധരിപ്പിച്ചിരുന്നത്.
വലിയ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നു പറഞ്ഞ് സ്വന്തം ഭാര്യയെയും ഇയാൾ കബളിപ്പിച്ചിരുന്നു. യുവതികളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.