കോതമംഗലം: പോൾവാട്ട് മത്സരം കാണാൻ തടിച്ചുകൂടുന്ന കാണികൾ കായികമേളകളിലെ അരങ്ങാണ്. എന്നാൽ ഇന്നലെ ജില്ലാ കായിക മേളയിൽ പോൾവാട്ടിൽ മത്‌സരിക്കാൻ താരങ്ങളെ പോലും കിട്ടാത്ത അവസ്ഥയായിരുന്നു.സെന്റ് ജോർജ് സ്‌കൂൾ കായികരംഗം വിട്ടതോടെ എതിരാളികളായ മാർ ബേസിലിനും ആവേശം കുറഞ്ഞു.
ഇന്നലെ രാവിലെ സെന്റ് ജോർജ് എച്ച്.എസ്.എസ് മൈതാനിയിൽ രാവിലെ 8.30 നായിരുന്നു മത്സരം . സംഘാടകരെത്താത്തതിനാൽ മത്സരം രണ്ട് മണിക്കൂർ വൈകി. അതിരാവിലെ എത്തിയ മത്സരാർത്ഥികളാകട്ടെ ഗ്രൗണ്ടിൽ ഒരുക്കങ്ങളൊന്നും കാണാതായതോടെ മത്സരം മാറ്റിയോ എന്ന ആശങ്കയിലുമായി. ജൂനിയർ, സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരങ്ങളായിരുന്നു നടക്കേണ്ടിയിരുന്നത്. സംഘാടകരെ കാണാതായതോടെ കായികാദ്ധ്യാപകരുടെ സഹായത്തോടെ മത്സരാർത്ഥികൾ തന്നെ മത്സരം ആരംഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ നടത്തി. മത്സരത്തിനുപയോഗിച്ച ബെഡ് വർഷങ്ങൾ പഴക്കമുള്ളതാണെന്ന പരാതിയും ഉയർന്നു. പരിക്കേൽക്കാൻ സാദ്ധ്യതയുള്ളതിനാൽ ശക്തമായ മത്സരത്തിന് തുനിയാതെ കുറഞ്ഞ ഉയരത്തിൽ ക്രോസ് ബാർ ക്രമീകരിച്ചാണ് മത്സരം നടത്തിയത്. ഇരു വിഭാഗങ്ങളിലും മൂന്നു പേർ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്.