കൊച്ചി:സെന്റ് ജോർജിന്റെ കുത്തക ഇനമായിരുന്ന പോൾവാൾട്ടിൽ മാർ ബേസിൽ എച്ച്.എസ്.എസിന്റെ ആധിപത്യം. സെന്റ് ജോർജിന്റെ തട്ടകത്തിൽ എതിരാളിക്ക് ഒരുഘട്ടത്തിൽ പോലും ഭീഷണിയാകാൻ അവസരം നൽകാതെയായിരുന്നു മുന്നേറ്റം. ആൺകുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ബേസിൽ താരങ്ങൾ നേടി.
ജൂനിയർ വിഭാഗത്തിൽ മണീട് ഗവ.എച്ച്.എസ്.എസിലെ വൈശാഖ് കെ. ദിലീപ് ആദ്യ റൗണ്ടിൽ ചാടിയ മൂന്ന് മീറ്റർ നിഷ്പ്രയാസം ബേസിൽ താരങ്ങൾ മറി കടന്നു. മാർ ബേസിലിന്റെ എം.അക്ഷയും, ആനന്ദ് മനോജും 3.20 മീറ്റർ ഉയരം ചാടി. വൈശാഖ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയതോടെ ബേസിൽ താരങ്ങൾ തമ്മിലായി പേരാട്ടം. 3.70 മീറ്റർ ഉയരം ലക്ഷ്യമിട്ട മൂന്നാം റൗണ്ടിൽ അക്ഷയ് ലക്ഷ്യം മറികടന്നപ്പോൾ ആനന്ദിന്റെ അവസരം ക്രോസ്ബാറിൽ തട്ടി വീണു.
നിശ്ചിത മത്സരാർത്ഥികളില്ലാത്തതിനാൽ സീനിയർ ആൺകുട്ടികളുടെ മത്സരം ഒഴിവാക്കാൻ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് ബേസിൽ താരങ്ങളെ വെല്ലുവിളിച്ച് ജയകേരളം എച്ച്.എസ്.എസിലെ എം.ജിഷ്ണു രാജ് മത്സരത്തിനെത്തിയത്. 2.80 മീറ്റർ ചാടിയ ജിഷ്ണുവിന് ആദ്യ അവസരത്തിൽ പോലും വിജയിക്കാനായില്ല. മാർ ബേസിലിന്റെ അലൻ ബിജുവും ക്രിസ്റ്റോ പീറ്ററുമാകട്ടെ ആദ്യ അവസരത്തിൽ 3.20 മീറ്റർ മറികടന്നു. അടുത്ത റൗണ്ടുകളിൽ ക്രിസ്‌റ്റോ 3.20 മീറ്ററിൽ മത്സരം അവസാനിപ്പിച്ചു. അലൻ 3.40 മീറ്റർ ചാടി സ്വർണത്തിൽ മുത്തമിട്ടു.