കോതമംഗലം: ജില്ലാ സ്‌കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ ട്രിപ്പിൾ സ്വർണ നേട്ടവുമായി മാർ ബേസിലിന്റെ ബിൽന ബാബു താരമായി. സീനിയർ പെൺകുട്ടികളുടെ ആദ്യദിനം നടന്ന 3000, 800 മീറ്ററിലും ഇന്നലെ നടന്ന ക്രോസ് കൺട്രി മത്സരത്തിലുമാണ് സുവർണ നേട്ടം കൊയ്തത്. 16.07 മിനിറ്റിലാണ് ക്രോസ് കൺട്രിയിൽ ഓടിയെത്തിയത്. 2.37 മിനിറ്റിലായിരുന്നു 800 മീറ്ററിലെ ബിൽനയുടെ നേട്ടം. 12.07 മിനിറ്റിലാണ് 3000 മീറ്റർ പൂർത്തിയാക്കിയത്. ഇന്ന് 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്. പ്ലസ് വൺ വിദ്യാർത്ഥിനിയായ ബിൽന കഴിഞ്ഞ വർഷം സംസ്ഥാന മീറ്റിൽ 3000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. പാലക്കാട് നെൻമാറ പടിഞ്ഞാറെക്കുടിയിൽ ബാബു ജോസഫിന്റെയും ബിജി ബാബുവിന്റെയും മകളാണ്.