കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകളുടെ രൂപരേഖയിൽ അതിർത്തിയിൽ കായലുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിർമ്മാണത്തിന് അനുമതി തേടി സമർപ്പിക്കുന്ന രൂപരേഖയിൽ വസ്തുവിന്റെ നാല് അതിർത്തിയും രേഖപ്പെടുത്തണമെന്ന വ്യവസ്ഥ മരടിലെ ഫ്ലാറ്റുകൾ പാലിച്ചില്ല. ഫ്ലാറ്റ് നിർമാണ കേസിൽ പ്രതിയായ ആർക്കിടെക്ട് കെ.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് സർക്കാർവിവരം അറിയിച്ചത്. രൂപരേഖയും കോടതിയിൽ സമർപ്പിച്ചു. ആൽഫ വെഞ്ച്വേഴ്‌സ് ഡയറക്ടറും ഒന്നാം പ്രതിയുമായ പോൾ രാജും ആർക്കിടെക്ടും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ആൽഫ വെഞ്ച്വേഴ്‌സ് 2006 ഏപ്രിൽ 28 ന് മരട് പഞ്ചായത്തിൽ നൽകിയ രൂപരേഖയിൽ മൂന്ന് അതിർത്തികൾ മാത്രമാണ് രേഖപ്പെടുത്തിയിത്. വേമ്പനാട് കായൽ അതിർത്തി പങ്കിടുന്നത് പരാമർശിച്ചിട്ടില്ലന്ന് സർക്കാർ അറിയിച്ചു. ഹർജി ഈമാസം 18 ന് വീണ്ടും പരിഗണിക്കും.