ldf
ആലുവ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലിയെ പ്രതിപക്ഷം ഉപരോധിക്കുന്നു

ആലുവ: ആലുവ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി അറിയിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

നവംബർ 15ന് കേരളോത്സവം നടത്താനാണ് നേരത്തെ സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. കേരളോത്സവം നടത്തുന്നതിനുള്ള സർക്കാർ സഹായമായ 50,000 രൂപ ആരോഗ്യ വിഭാഗത്തിനാണ് ലഭിക്കുന്നത്. അതിനാൽ സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് നടപ്പാക്കേണ്ടത്. പരിപാടി നടത്തേണ്ട ദിവസമെത്തിയിട്ടും ഉദ്യോഗസ്ഥൻ നോട്ടീസ് അടിക്കുന്നതിനുള്ള നടപടികൾ പോലും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലിയെ പ്രതിപക്ഷം ഉപരോധിച്ചത്.

പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലോലിത ശിവദാസൻ, ഓമന ഹരി, കൗൺസിലർമാരായ ശ്യാം പത്മനാഭൻ, പി.സി. ആന്റണി, സാജിത സഹീർ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി. ഭരണപക്ഷത്ത് നിന്ന് പുറത്താക്കപ്പെട്ട കെ.വി. സരളയും പങ്കെടുത്തു.

സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം അടിയന്തരമായി ചേർന്ന് 23, 24 തീയതികളിൽ കേരളോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ചെയർപേഴ്സൺ ലോലിത ശിവദാസൻ അറിയിച്ചു.