കോതമംഗലം: മത്സരിച്ച രണ്ടിനങ്ങളിലും സ്വർണ നേട്ടവുമായി മാതിരപ്പള്ളി വി.എച്ച്.എസ്.എസിലെ ബ്ലസി ദേവസ്യ. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌ക്കസ്‌ത്രോയിലും ഹാമറിലുമാണ് നേട്ടം.മൂന്നു കിലോ വിഭാഗം ഹാമർത്രോയിൽ എതിരാളിക്ക് ഒരിക്കൽ പോലും വെല്ലുവിളി ഉയർത്താനായില്ല. രണ്ടാം സ്ഥാനത്തെത്തിയ മാർ ബേസിലിന്റെ നന്ദ സുരേഷ് 27.76 മീറ്റർ ദൂരം എറിഞ്ഞപ്പോൾ ആദ്യ അവസരത്തിൽ തന്നെ 50 മീറ്ററെറിഞ്ഞ് ബ്ലസി ഏവരെയും ഞെട്ടിച്ചു. പിന്നീട് എറിഞ്ഞ മൂന്ന് അവസരങ്ങളും ഫൗളായി. അഞ്ചാം അവസരത്തിൽ 51.48 മീറ്റർ പായിച്ച് ബ്‌ളസി മികച്ച ദൂരം കുറിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ സ്വർണം നേടിയിരുന്നു. 29.17 മീറ്റർ ഡിസ്‌ക് പായിച്ചാണ് ബ്ലെസി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള മാർ ബേസിലിലെ വർഷ അതീഷിന് 25.71 മീറ്റർ മാത്രമേ എറിയാനായുള്ളു.
എം.എ.കോളേജ് സ്‌പോർട്‌സ് അക്കാഡമിയിൽ അഞ്ചു വർഷമായി പരിശീലനം നടത്തിവരുകയാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ ബ്ലെസി. കണ്ണൂർ പയ്യാവൂർ അയ്യങ്കാനയിൽ ദേവസ്യജെയ്‌നമ്മ ദമ്പതികളുടെ മകളാണ്.
മണീട് ജി.വി.എച്ച്.എസ്.എസിലെ അലക്‌സ് ജോസഫ്, തേവര എച്ച്.എസ്.എസിലെ അനു മാത്യൂ എന്നിവരും ഇരട്ട സ്വർണ നേട്ടം കൊയ്തു. സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ ഇനങ്ങളിലാണ് അലക്‌സ് ജോസഫിന്റെ ഇരട്ട നേട്ടം.സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾജമ്പ്, ലോംഗ്ജമ്പ് എന്നിവയിലാണ് അനുവിന്റെ നേട്ടം.