ഫോർട്ട് കൊച്ചി: പരാധീനതകളുടെ നടുവിൽ ഒരു സർക്കാർ ഓഫീസ് ഇന്നും നിലനിൽകുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിച്ചു വരുന്ന എക്സൈസ് ഓഫീസ് ഭിത്തികൾക്കിടയിലൂടെ മഴവെള്ളം ഓഫീസിലേക്ക് ഇറങ്ങുകയാണ്. സി.ഐ.ഉൾപ്പടെ 13 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.എസ്.ഐ. പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. രാത്രി കാലങ്ങളിൽ ഒരു ജീവനക്കാരൻ മാത്രമേ ഇവിടെ ഉണ്ടാകാറുള്ളൂ. കനത്ത കാറ്റിലും മഴയിലും ജീവൻ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എസ്.ഐയ്ക്കും സി.ഐക്കും ഓരോ മുറികൾ കൂടാതെ പിന്നെ ഒരു ചെറിയ ഹാൾ മാത്രമാണുള്ളത്. അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക് മാറുകയോ നിലവിലെ കെട്ടിടം അറ്റകുറ്റപണികൾ ചെയ്തു തരണമെന്നാണ് ഇവരുടെ ആവശ്യം. കഞ്ചാവ്, മയക്കമരുന്ന് എന്നീ കേസുകളിൽ ഏറ്റവും കൂടുതൽ പ്രതികളെ പിടികൂടുന്നത് ഈ ഓഫീസിലാണ്. സ്ഥലം എം.എൽ എ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഇതിനോടനുബന്ധിച്ച് മട്ടാഞ്ചേരി സബ് രജിസ്ട്രർ ഓഫീസിനു സമീപവും മറ്റൊരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ഇതും നാശത്തിന്റെ വക്കിലാണ്. രണ്ട് കെട്ടിടവും നൂറ് വർഷത്തിനു മേൽ പഴക്കമുണ്ട്. നൂറ് കണക്കിന് വിദേശികളാണ് സീസൺ തുടങ്ങിയതോടെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചിയിൽ എത്തിച്ചേരുന്നത് മയക്കമരുന്നിന് അടിമപ്പെട്ട യുവാക്കൾ ഇവരുടെ ബാഗുകളും മറ്റും കവർച്ച ചെയ്യുന്നത് സ്ഥിരം സംഭവമാണ്. പരാതിയുമായി പൊലിസ് സ്റ്റേഷനിലും എക്സൈസ് ഓഫീസിലും ഇവർ എത്താറുണ്ട്.

#റവന്യൂ വിഭാഗം കനിയണം

സമീപത്ത് തന്നെ ഒരു കൂറ്റൻ മരം ഏത് നിമിഷവും നിലംപതിക്കാറായ സ്ഥിതിയിൽ നിൽകുന്നുണ്ട്. ഇതിന്റെ ഉണങ്ങിയ മര കൊമ്പുകൾ മുറിച്ച് നീക്കിയാൽ ആശ്വാസമാകും. ഇതിനായി റവന്യൂ വിഭാഗത്തിന്റെ കനിവിനായി കാത്തിരിക്കുകയാണ്. ഇവരുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടത്താൻ കഴിയുകയുള്ളൂ.