ആലുവ: ആലുവ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ വർഷങ്ങളായി കാടുമൂടിക്കിടന്ന കിണർ കൺട്രോൾ റൂമിലെ പൊലീസുകാർ ഉപയോഗയോഗ്യമാക്കി. ദിവസങ്ങൾ നീണ്ടുനിന്ന അദ്ധ്വാനത്തിന് ഒടുവിലാണ് മലിനജലമെല്ലാം വറ്റിച്ച് കുടിക്കാൻ പാകത്തിലാക്കിയത്.
ക്വാർട്ടേഴ്സ് വളപ്പിൽ കാടുപിടിച്ച് കിടന്ന ഭാഗത്ത് അരഭിത്തി ഇല്ലാതിരുന്നതിനാൽ കിണർ ഉണ്ടെന്ന് പോലും താമസക്കാരിൽ ഭൂരിഭാഗത്തിനും അറിയില്ലായിരുന്നു. നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുള്ള കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീറാണ് കിണറിന്റെ കാര്യം സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണർ കണ്ടെത്തുകയായിരുന്നു. കിണറിന് 30 അടിയോളം ആഴമുണ്ട്. വിവരം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമാണ് കിണർ നവീകരിച്ചത്.