salimkumar-home-
വീട്ടിലെത്തിയ കുട്ടികളുമായി നടൻ സലിംകുമാർ സംവദിക്കുന്നു

പറവൂർ : ചിരിയുടെ തറവാട്ടിൽ ചിന്തയും ചിരിയും തേടി കുട്ടികളെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭകളെ തേടി എന്ന പരിപാടിയുടെ ഭാഗമായാണ് വടക്കേക്കര ഗവ. മുഹമ്മദൻ എൽ.പി സ്കൂളിലെ കുട്ടികൾ നടൻ സലിംകുമാറിന്റെ ആലുംമാവിലുള്ള വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുടെ സ്വീകരണത്തിനു ശേഷം ചുറ്റുമിരുന്ന കുട്ടികൾ സലിംകുമാറിനോട് തുരുതുരെ ചോദ്യങ്ങൾ ചോദിച്ചു. അവയ്ക്കെല്ലാം ചുറ്റിക്കെട്ടില്ലാതെ ഹാസ്യത്തിൽ പൊതിഞ്ഞ മറുപടികൾ.

യുവജനോത്സവ വിജയിയായ അനുശ്രീയുടെ ഗാനാലാപനം മധുരമേകി. തന്റെ സമ്പാദ്യം മുഴുവൻ കൃഷി ഭൂമിയാണെന്നു പറഞ്ഞ സലിംകുമാർ കൃഷിയുടെ മഹത്ത്വത്തെക്കുറിച്ച് വാചാലനായി. കൃഷിനേരിട്ട് കാണമെന്ന കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ മട്ടുപ്പാവിലെ കൃഷിയിടത്തിലേയ്ക്ക് സലിംകുമാർ കൂട്ടികൊണ്ടുപോയി. ഓരോ ഇനം കൃഷിയെയും അതിന്റെ പരിചരണവും ഗുണഫലങ്ങളും വിശദീകരിച്ചു. ചിരിത്തറവാടിലെ അരുമകളായ ഫ്ളോപ്പി (ജാക്ക് റസൽ ടെറിയർ,) റിക്കോ (ചിഹ്വാഹ്വ) എന്നീ വിദേശയിനം കുഞ്ഞൻ നായ്ക്കളെ താലോലിച്ചാണ് കുട്ടികളുടെ സംഘം സ്കൂളിലേയ്ക്ക് മടങ്ങിയത്.

പ്രധാന അദ്ധ്യാപകൻ ആർ. ഷൈൻ, എസ്.എം.സി ചെയർമാൻ എ.ബി. മനോജ്, അദ്ധ്യാപകരായ വി.വി.ജയ, എം.എ. സലീം, റീതുബാബു എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.