കോതമംഗലം: ആദിത്യയും അനുജത്തി ആര്യനന്ദയും വീട്ടിൽ നിന്ന് കൈപിടിച്ചിറങ്ങുമ്പോൾ സുവർണനേട്ടം മാത്രമായിരുന്നു മനസിൽ. ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾജമ്പ് മത്സരം അവസാനിച്ചപ്പോഴേക്കും ലക്ഷ്യം ഇരുവരും കൈയിലൊതുക്കി.
സബ് ജൂനിയർ വിഭാഗം ഹൈജമ്പ് മത്സരത്തിൽ ആര്യനന്ദയാണ് ആദ്യം സ്വർണം നേടിയത്. ആദ്യ റൗണ്ടിൽ തന്നെ 1.35 മീറ്റർ ചാടി ആര്യ ലക്ഷ്യം കണ്ടു. ഒപ്പം മത്സരിച്ചവർക്കാർക്കും ഒരുതവണ പോലും അര്യനന്ദയെ മറികടക്കാനായില്ല. ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ ശക്തമായ മത്സരത്തിലൂടെയാണ് ആദിത്യ സുവർണ കിരീടമണിഞ്ഞത്. 11.39 മീറ്റർ മികവിലായിരുന്നു ആദിത്യയുടെ നേട്ടം. തേവര എസ്.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആദിത്യ. ആര്യനന്ദ പെരുമാനൂർ സെന്റ് തോമസ് ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും. ഇരുവരും ഒരു വർഷമായി മേഴ്‌സികുട്ടൻ അക്കാഡമിയിലാണ് . ആലപ്പുഴ പുളിക്കൽപ്പറമ്പ് പി.എസ്. സുധീറിന്റെയും സുനിതയുടെയും മക്കളാണ്.