കോതമംഗലം: ജില്ലാ കായിക മേളയ്ക്ക് കൊടിയിറങ്ങാൻ ഒരു ദിവസം ശേഷിക്കേ കിരീടം കോതമംഗലം ഉപജില്ലയും മാർ ബേസിൽ എസ്.എച്ച്.എസും ഉറപ്പിച്ചു. ഇന്ന് 26 ഫൈനലുകൾ നടക്കാനിരിക്കെ കാര്യമായ വെല്ലുകളൊന്നുമില്ലാതെ ഇരുവരും ചാമ്പ്യൻപട്ടം നേടും. രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 181 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മാർ ബേസിലിന്റെ കുതിപ്പ്. 21 സ്വർണവും 25വെള്ളിയുംഒമ്പത് വെങ്കലവുമാണ് താരങ്ങൾ വാരിക്കൂട്ടിയത്. ഇനി പോരാട്ടം റണ്ണറപ്പിനായാണ്.കോതമംഗലം സെന്റ് ജോർജ് സ്‌കൂൾ അരങ്ങൊഴിഞ്ഞതോടെ കോതമംഗലം ഉപജില്ലയ്ക്കു പുറത്തുള്ള സ്‌കൂളുകൾ ആദ്യ രണ്ടിലെത്താനുള്ള സാദ്ധ്യതകളാണ് തെളിയുന്നുത്. മേഴ്‌സി കുട്ടൻ അക്കാഡമിയുടെ കരുത്തിൽ എറണാകുളത്തെ അയൽക്കാരായ തേവര എസ്.എച്ച് എസ്.എസ്.എസും (42 പോയിന്റ് ) പെരുമാനൂർ സെന്റ് തോമസ് ഗേൾസ് എച്ച്.എസ്.എസും (40 പോയിന്റ്) തമ്മിലാണ് രണ്ടാം സ്ഥാന പോരാട്ടം.
സിന്തറ്റിക്കല്ലാത്ത ട്രാക്കിൽ ഇന്നലെ റെക്കാഡുകളൊന്നും തിരുത്തിക്കുറിക്കപ്പെട്ടില്ല. ആദ്യ ദിനം രണ്ടു റെക്കാഡുകൾ പിറന്നിരുന്നു. കോതമംഗലം എം.എ.കോളജ് ഗ്രൗണ്ടിലും സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലുമായി നടക്കുന്ന മീറ്റ് ഇന്ന് സമാപിക്കും.