കൊച്ചി: തേവര -പേരണ്ടൂർ കനാലിലേക്ക് മാലിന്യം തള്ളുന്നത് നിരോധിച്ചു. കനാലിലേക്ക് ഖരമാലിന്യങ്ങൾ തള്ളുന്നതും സ്വീവേജ് മാലിന്യങ്ങൾ ഒഴുക്കുന്നതും നിരോധിച്ച് സർക്കാർ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം തേവര-പേരണ്ടൂർ കനാലിലേക്ക് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള അജൈവ മാലിന്യങ്ങളും തള്ളുകകയും, സ്വീവേജ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെയുള്ള ദ്രവമാലിന്യങ്ങൾ നിക്ഷേപിക്കുകയും ഒഴുക്കുകയും ചെയ്യുന്നവരെ പ്രോസിക്യൂഷൻ നിയമനടപടികൾക്ക് വിധേയമാക്കും. തടവും പിഴയും രണ്ടും കൂടിയോ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 2018, മറ്റു ബാധകമായ വകുപ്പുകൾ എന്നിവ പ്രകാരമായിരിക്കും ശിക്ഷാനടപടികൾ.
പേരണ്ടൂർ കനാലിന്റെ മലിനീകരണത്തിനും നീരൊഴുക്ക് തടസമാകുന്നതിനും കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ 18 ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.