me
ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്‌ഘാടനം ചെയ്ത കെ.എം.ആർ.എൽ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് ചീഫ് സെക്രട്ടറി ടോംജോസ് ഉദ്ഘാടനം ചെയ്തു. മെട്രോവിഹാർ എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ക്വാർട്ടേഴ്‌സിന്റെ താക്കോൽ മുട്ടം യാർഡിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ജീവനക്കാർക്ക് കൈമാറി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ജീവനക്കാരോടുള്ള കരുതലിന്റെ അടയാളമാണ് മനോഹരമായ ക്വാർട്ടേഴ്‌സെന്ന് ടോംജോസ് പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ കൊച്ചിയുടെ നെടുംതൂണായി മെട്രോ മാറുമെന്നും ഗതാഗത പ്രശ്നങ്ങൾക്ക് അതിലൂടെ ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗത്തിലെ 112 പേർക്ക് ഫ്ളാറ്റുകൾ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. താഴത്തേത് ഒഴിച്ചുള്ള 14 നിലകളിലാണ് താമസ സൗകര്യമുള്ളത്. ഓരോ നിലയിലും നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉള്ളത്. ഓരോന്നിലും രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള എന്നീ സൗകര്യങ്ങളുണ്ട്. ഒരു കെട്ടിടത്തിൽ 56 യൂണിറ്റ് വീതം ആകെ 112 റെസിഡൻഷ്യൽ യൂണിറ്റുകളുണ്ട്.