bsf

കൊച്ചി : അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ മാവോയിസ്റ്റുകളായ മണിവാസകവും കണ്ണൻ കാർത്തിക്കും കൊല്ലപ്പെടാനുണ്ടായ സാഹചര്യം കൂടി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

തണ്ടർബോൾട്ട് കമാൻഡോകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശികളായ മുരുകേശൻ, ലക്ഷ്‌മി എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയ കുറ്റങ്ങൾ എന്തു തന്നെയായാലും സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് കുറ്റമുണ്ടോയെന്നും മരണകാരണം എന്താണെന്നും അന്വേഷിക്കണം. പൊലീസ് വെടിവയ്‌ക്കാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്ത് ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനകൾക്ക് അയയ്ക്കണം. ഇതു നടപ്പാക്കി പാലക്കാട് സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും വിധിയിൽ പറയുന്നു.

മണിവാസകത്തിന്റെയും കണ്ണൻ കാർത്തിക്കിന്റെയും വിരലടയാളങ്ങൾ ശേഖരിച്ചിട്ടില്ലെങ്കിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മുമ്പ് ഇവ ശേഖരിച്ച് അക്കാര്യവും പാലക്കാട് കോടതിയിൽ റിപ്പോർട്ട് ചെയ്യണം. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഹർജിക്കാർക്ക് അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ പാലക്കാട് സെഷൻസ് കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി

 മൃതദേഹങ്ങൾ സംസ്‌കരിക്കാം

മണിവാസകത്തിന്റെയും കണ്ണൻ കാർത്തിക്കിന്റെയും ശരീരത്തിലെ പരിക്കുകളെക്കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നതിനാൽ മൃതദേഹങ്ങൾ ഇനിയും സൂക്ഷിക്കേണ്ടതില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയും കണ്ണൻ കാർത്തിക്കിന്റെ സഹോദരൻ മുരുകേശനും നൽകിയ ഹർജിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ആ വിലക്കു നീക്കിയ ഹൈക്കോടതി ഇക്കാര്യത്തിൽ അധികൃതർക്ക് നിയമപ്രകാരമുള്ള നടപടിയെടുക്കാമെന്നും വ്യക്തമാക്കി. മണിവാസകവും കണ്ണൻ കാർത്തിക്കും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും കസ്റ്റഡിയിലെടുത്ത് വെടിവച്ചു കൊന്നതാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.