കൊച്ചി: പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും മറ്റ് മത്സ്യങ്ങളും ജീവനോടെ വാങ്ങാം. ഹൈക്കോടതിക്ക് സമീപത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലേയ്ക്ക് (സി.എം.എഫ്.ആർഐ) വരൂ. കർഷകർ സ്വന്തമായി കൃഷിചെയ്ത് വിളവെടുത്ത മത്സ്യങ്ങൾ നാളെ (വ്യാഴം) മുതൽ 16 വരെ സി.എം.എഫ്.ആർ.ഐയിലെ മത്സ്യഭക്ഷ്യ കാർഷികമേളയിൽ ലഭിക്കും. ഗുണമേന്മയുള്ള അനേകം ഉത്പന്നങ്ങളും ലഭിക്കും.

ലക്ഷദ്വീപിലെ ജൈവ ഉത്പന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക പവലിയനുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്ത നൂറുകണക്കിന് നിത്യോപയോഗ കാർഷികോത്പന്നങ്ങൾ ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ മേൽനോട്ടത്തിൽ ഉത്പാദിപ്പിച്ച മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ, പലയിനം എണ്ണകൾ, സോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കറി പൗഡറുകൾ തുടങ്ങിയവയും ലഭ്യമാകും. ജൈവ പച്ചക്കറി, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, മീനിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പനങ്ങൾ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ തൈകളും വാങ്ങാം സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി സഹകരിച്ചാണ് മേള ഒരുക്കുന്നത്.

തിലാപ്പിയ ഭക്ഷ്യമേള
മത്സ്യ കർഷകസംഘങ്ങൾ കൃഷി ചെയ്ത തിലാപ്പിയയുടെ ലൈവ് അടുക്കള മേളയിലുണ്ടാകും. കറി, പൊരിച്ചത്, പൊള്ളിച്ചത് തുടങ്ങിയവ ചൂടോടെ കഴിക്കാം.

ഈസി ബാങ്ക് വായ്പ
ബാങ്ക് ഒഫ് ഇന്ത്യയുമായി സഹകരിച്ച് കാർഷിക സംരംഭങ്ങൾ തുടങ്ങുന്നവർക്ക് വായ്പാമേളയും നടത്തുന്നുണ്ട്. നബാർഡിന്റെ നേതൃത്വത്തിൽ കാർഷികോത്പന്നങ്ങളുടെ ബയർ, സെല്ലർ മീറ്റും നടക്കും. സമയം രാവിലെ 10 മുതൽ രാത്രി 9 വരെ.