-sabarimala-protest

കൊച്ചി: തൃശൂർ അയ്യന്തോൾ കോൺഗ്രസ് ‌ മണ്ഡലം സെക്രട്ടറി മധു ഇൗച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പ്രതികളെ വെറുതേവിട്ടു. ചാവക്കാട് മങ്ങാട്ടു വീട്ടിൽ ഷിനോജ്, അയ്യന്തോൾ വടക്കേ കുന്നമ്പത്ത് പ്രവീൺ, അടാട്ട് കോടിയിൽ വീട്ടിൽ പ്രജിത്ത്, അയ്യന്തോൾ പുത്തൻവീട്ടിൽ സുരേഷ് എന്നിവർക്കു വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഡിവിഷൻബെഞ്ച് ശരിവച്ചത്. അയ്യന്തോൾ സ്വദേശി പ്രേംജി എന്ന പ്രേംജി കൊള്ളന്നൂർ, അടാട്ട് പ്ളാക്കൽവീട്ടിൽ മാർട്ടിൻ, അടാട്ട് മഞ്ഞക്കാട്ടിൽ വീട്ടിൽ സനൂപ് എന്നിവരെയാണ് വെറുതേവിട്ടത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

2013 ജൂൺ ഒന്നിന് രാവിലെ ഒമ്പതരയോടെ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് മധു ഇൗച്ചരത്തിനെ പ്രതികൾ വെട്ടിക്കൊന്നത്. ഭാര്യയ്ക്കൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ആട്ടോയിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. യൂത്ത്കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് 2013 ഏപ്രിൽ 14 വിഷുദിനത്തിൽ മധു ഇൗച്ചരത്തും സംഘവും പ്രേംജിയെ വീട്ടിൽ കയറി വെട്ടിവീഴ്ത്തിയെന്നും ഇതിനു പ്രതികാരം ചെയ്യാൻ പ്രേംജി ഏർപ്പാടാക്കിയ സംഘം മധുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ്‌ കേസ്. പ്രേംജിയുടെ സഹോദരൻ ലാൽജിയെ പിന്നീട് മറ്റൊരു സംഘം വെട്ടിക്കൊന്നു. കൊലപാതകത്തിനു പുറമേ കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയ കേസിൽ പ്രേംജി, മാർട്ടിൻ, ഷിനോജ്, പ്രവീൺ, പ്രജിത്ത്, സുരേഷ്, സനൂപ് എന്നിവർക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തൃശൂർ അതിവേഗ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിച്ചത്.