# പ്രേമകുമാറോ, ആന്റണിയോ
കൊച്ചി: പ്രതീക്ഷയോടെ യു.ഡി.എഫും അട്ടിമറി നടക്കുമെന്ന കണക്കുകൂട്ടലുമായി എൽ.ഡി.എഫും ഇന്ന് കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഹാളിലേക്കെത്തും. കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് രാവിലെ 11 ന് നടക്കും. ജില്ലാ കളക്ടർ എസ്. സുഹാസാണ് വരണാധികാരി.
പള്ളുരുത്തി കോണം ഡിവിഷൻ കൗൺസിലർ കോൺഗ്രസിലെ കെ.ആർ. പ്രേമകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മേയർ മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പരസ്പരം പോരടിച്ച എ, ഐ വിഭാഗക്കാരെല്ലാം തത്ക്കാലം പിണക്കങ്ങൾ മാറ്റിവച്ച് പ്രേമന്റെ വിജയത്തിനായി ഒറ്റക്കെട്ടായി കളത്തിലിറങ്ങിയിട്ടുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായുള്ള സൗഹൃദങ്ങളും ഭരണത്തോടുള്ള അതൃപ്തിയും തനിക്ക് പിന്തുണയായി മാറുമെന്ന പ്രതീക്ഷയിലാണ് കെ.ജെ. ആന്റണി. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം ബി.ജെ.പിയുടെ രണ്ട് വനിതാ കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും.
# രാഷ്‌ട്രീയപ്രാധാന്യം ഏറെ
ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് എം.എൽ.എ ആയതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ദയനീയപ്രകടനവും നഗരത്തിലെ വെള്ളക്കെട്ട് ഉൾപ്പെടെ വിഷയങ്ങളിൽ നഗരസഭയ്ക്ക് ഹൈക്കോടതിയുടെ വിമർശനം കേൾക്കേണ്ടിവന്നതും മേയർ സൗമിനി ജയിനിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് പടയൊരുക്കത്തിന് വഴിതെളിച്ചിരുന്നു. മേയർ സ്ഥാനം എ ഗ്രൂപ്പും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പുമാണ് കൈയാളുന്നത്.
ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പ്രൊഫ. കെ.വി.തോമസും പി.ടി.തോമസ് എം.എൽ.എയുമൊഴികെ ജില്ലയിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം മേയറെ നീക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നു. വിഷയം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനയിലിരിക്കെ നടക്കുന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
# കക്ഷിനില
യു.ഡി.എഫ് - 37
എൽ.ഡി.എഫ്- 34
ബി.ജെ.പി -2
# വോട്ടുപിടിക്കാൻ മേയറും
സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് നീക്കിയാൽ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് കൗൺസിലർ ജോസ്‌മേരിയും സ്വതന്ത്രാംഗം ഗീതാ പ്രഭാകറും വോട്ട് പ്രേമന് നൽകും. മേയർ പക്ഷത്തുള്ള മറ്റ് കൗൺസിലർമാരും പാർട്ടിക്ക് ഒപ്പമുണ്ട്. വിമതപക്ഷത്തുള്ളവരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി മേയർ പ്രേമനൊപ്പം നേരിട്ടെത്തി വോട്ടുചോദിച്ചു. അംഗങ്ങൾക്ക് യു.ഡി.എഫ് വിപ്പ് നൽകിയിട്ടുണ്ട്. ഇതിനു പുറമെ വോട്ട് ചെയ്യേണ്ട വിധത്തെക്കുറിച്ച് എല്ലാവർക്കും ക്ളാസുമെടുത്തു.
അടുത്തകാലത്ത് ധനകാര്യ സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് യു.ഡി.എഫ് അംഗങ്ങൾക്ക് സംഭവിച്ച 'അബദ്ധ അസാധു'വിലൂടെ നേടിയ വിജയം എൽ.ഡി.എഫിനെ പോലും ഞെട്ടിച്ചിരുന്നു. അതേ ചരിത്രം ഇത്തവണയും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. അതുതന്നെയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷയും.