palam
തോട്ടഞ്ചേരി പൗരസമിതിയുടെ നേതൃത്വത്തില്‍ തോട്ടഞ്ചേരി പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നടന്ന പൗരസമ്മേളനം ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു...........

മൂവാറ്റുപുഴ: പ്രളയത്തിൽ തകർന്ന തോട്ടംഞ്ചേരി തൂക്കുപാലത്തിന് പകരം കളിയാർപുഴയ്ക്ക് കുറുകെ തോട്ടംഞ്ചേരിയിൽ പാലം നിർമിക്കുന്നതിന് വേണ്ടി രണ്ടാർ പൗരസമൂഹം ജനകീയ സമ്മേളനം നടത്തി. കോൺഗ്രീറ്റ് പാലം യാഥാർത്ഥ്യവത്ക്കരിക്കാനുള്ള വിവിധ സ്‌കീമുകളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും യോഗത്തിൽ പങ്കെടുത്ത ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിശദീകരിച്ചു. തോട്ടഞ്ചേരി പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് ചെക്ക് ഡാം കംബ്രിഡ്ജിന് വേണ്ടിയുള്ള നിർമ്മാണ അനുമതി നേടാനും ജലവിഭവ വകുപ്പ് മന്ത്രിക്കുള്ള നിവേദനം സമർപ്പിക്കാനും ആക്ഷൻ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. ജില്ലയുടെ കിഴക്കൻ പ്രദേശത്ത് പ്രധാന കവലയായി മാറാനുള്ള തോട്ടംഞ്ചേരിയുടെ തന്ത്രപ്രാധാന്യത്തെ സമൂഹിക പുരോഗതിക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമമേറ്റെടുക്കുമെന്ന് മുൻഎം.എൽ.എ ജോസഫ് വാഴക്കൻ പറഞ്ഞു. പാലത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ത്രിതല പഞ്ചായത്തുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തന മാർഗരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അവതരിപ്പിച്ചു. ജനാധിപത്യ ശൈലിയിൽ പൊതുബോധം സൃഷ്ടിച്ചതിലൂടെ പാലം നിർമ്മാണത്തിന്റെ ആദ്യകടമ്പ കടന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അഭിപ്രായപ്പെട്ടു. തങ്കച്ചൻ പറയിടത്തിൽ കൺവീനറായിരൂപികരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ബേബി വെള്ളാങ്കൽ പ്രമേയം അവതരിപ്പിച്ചു. സുഭാഷ് കടക്കോട്, ജോളി വെള്ളാങ്കൽ എന്നിവർ വിഷയാവതരണം നടത്തി. വിൻസന്റ് ജോസഫ്, മത്തായി മുടക്കാലിൽ, ജയിമോൻ പറയിടം എന്നിവർ സംസാരിച്ചു .