കോതമംഗലം: സീനിയർ വിഭാഗത്തിൽ പൊൻ തിളക്കവുമായി അലക്‌സ് ജോസഫും ബിൽന ബാബുവും മേളയുടെ താരങ്ങളായി. ത്രോ ഇനങ്ങളായ ഹാമർ, ഡിസ്‌ക്, ഷോട്പുട്ട് എന്നീ വിഭാഗങ്ങളിലാണ് അലക്‌സ് സ്വർണം നേടിയത്. ഡിസ്‌കസ് ത്രോയിൽ 44.75 മീറ്ററും ഹാമറിൽ 52.79 മീറ്ററും പായിച്ച് സ്വർണം നേടിയ അലക്‌സ് 14.20 മീറ്റർ ദൂരമാണ് ഷോട്ട് പുട്ട് എറിഞ്ഞിട്ടത്. കഴിഞ്ഞ തവണ സംസ്ഥാന കായിക മേളയിൽ ഹാമർ ത്രോയിൽ വെള്ളി കരസ്ഥമാക്കിയ അലക്‌സ് പാലയിൽ നടന്ന ജൂനിയർ സ്റ്റേറ്റ് മീറ്റിലും തിരുവനന്തപുരത്ത് നടന്ന ഇന്റർ ക്ലബ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. ഗൂണ്ടൂരിൽ നടന്ന സൗത്ത് സോൺ നാഷണൽ മീറ്റിൽ വെള്ളിയും നേടി. തൊടുപുഴ ഇരുപൂളിൽ കാട്ടിൽ ജോസഫ് ഇ.സിയുടെയും ബീന ജോസഫിന്റെയും മകനാണ്. മണീട് സ്‌കൂളിലെ കായികാദ്ധ്യാപകനായ ചാൾസിന്റെ കീഴിലാണ് പരിശീലനം.
മീറ്റിന്റെ രണ്ടാം ദിനം തന്നെ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കിയ ബിൽന ബാബു ഇന്നലെ നടന്ന 1500 മീറ്ററിലും സ്വർണം നേടി നേട്ടം നാലാക്കി.സീനിയർ പെൺകുട്ടികളുടെ 3000, 800 മീറ്റർ, ക്രോസ് കൺട്രി വിഭാഗങ്ങളിലായിരുന്നു മറ്റ് സ്വർണം.കഴിഞ്ഞ വർഷം സംസ്ഥാന മീറ്റിൽ 3000 മീറ്ററിൽ ബിൽന വെങ്കലവും 1500 മീറ്ററിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. പാലക്കാട് നെൻമാറ പടിഞ്ഞാറെക്കുടിയിൽ ബാബു ജോസഫിന്റെയും ബിജി ബാബുവിന്റെയും മകളാണ്.