കോതമംഗലം: അവസാന ദിവസമായ ഇന്നലെ മൂന്ന് മീറ്റ് റെക്കാഡുകൾ കൂടി പിറന്നതോടെ തിരുത്തി കുറിച്ചത് അഞ്ചു റെക്കാഡുകൾ. എല്ലാം ഫീൽഡ് ഇനങ്ങളിലായിരുന്നുവെന്നതാണ് ശ്രദ്ധേയം. സിന്തറ്റിക് ട്രാക്കിന്റെ അഭാവമാണ് ട്രാക്കിൽ റെക്കാഡുകളൊന്നും പിറക്കാതെ പോയതെന്ന് കായികാദ്ധ്യാപകർ പറയുന്നു.

മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ കെസിയ മറിയം ബെന്നി സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമർ ത്രോയിലുമാണ് മീറ്റ് റെക്കാഡ് തിരുത്തിയത്. ഷോട്ട്പുട്ടിൽ 12.6 മീറ്ററും ഹാമറിൽ 53.44 മീറ്ററുമാണ് ദൂരം.സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ മണീട് ഗവ. എച്ച്.എസ്.എസിലെ അലക്‌സ് ജോസഫും മീറ്റ് റെക്കാഡ് കുറിച്ചു. 52.79 മീറ്ററാണ് ദൂരം.

ആദ്യ ദിനത്തിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ജിബിൻ തോമസും ഹൈജമ്പിൽ പനമ്പള്ളിനഗർ ഗവ. എച്ച്.എസ്.എസിലെ ടി.ജെ. ജോസഫും മീറ്റ് റെക്കാഡ് കുറിച്ചിരുന്നു.