kausalya
ചെറായി ഫിഷറീസ് ഓഫീസ് കൗസല്യ മുത്തശ്ശിക്ക് വീട്ടിലെത്തി പെൻഷൻ തുക കൈമാറുന്നു.

വൈപ്പിൻ: ആധാർ കാർഡിൽ വിരലടയാളം പതിയാത്തതിനാൽ നാല് വർഷമായി ക്ഷേമ പെൻഷൻ നിഷേധിച്ചിരുന്ന 102 വയസ്സായ തോട്ടാപ്പിള്ളി കൗസല്യ മുത്തശ്ശിക്ക് പെൻഷൻ ലഭിച്ചു. ചെറായിലെ മത്സ്യവിൽപ്പനക്കാരിയായിരുന്ന ഇവരുടെ ദുരവസ്ഥ അറിഞ്ഞ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്.സോളിരാജും സഹപ്രവർത്തകരും കഴിഞ്ഞ ദിവസം മുത്തശ്ശിയെ തോളിലേറ്റി ചെറായി ഫിഷറീസ് ഓഫീസർക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.

ശാരീരികമായി വളരെ അവശത അനുഭവിക്കുന്ന മുത്തശ്ശിക്ക് ആധാർ ഇല്ലാത്തതിനാലാണ് പെൻഷൻ കിട്ടാതായത്. പ്രതിഷേധ സമരം ശ്രദ്ധയിൽപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പെൻഷൻ നൽകുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
ഇതേ തുടർന്ന് ചെറായി ഫിഷറീസ് ഓഫീസർ രാജീവ് പെൻഷൻ പുനസ്ഥാപിച്ച് മൂന്നു മാസത്തെ തുകയായ 3600/- രൂപ മുത്തശ്ശിയുടെ വീട്ടിലെത്തിച്ചു. ബാക്കി വരുന്ന 3 വർഷത്തേയും 7 മാസത്തേയും പെൻഷൻ കുടിശ്ശിക കണക്കുകൾ ഒത്തുനോക്കിയ ശേഷം താമസിയാതെ കൈമാറുമെന്ന് ഫിഷറീസ് ഓഫീസർ പറഞ്ഞു.
പൊതു പ്രവർത്തകരായ വി.എസ്. സോളിരാജ്, രാജേഷ് ചിദംബരൻ, എം.എസ്. ഷാജി, എ.കെ. പത്മജൻ എന്നിവർ സന്നിഹിതരായിരുന്നു.