കൊച്ചി : ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇൻകുബേറ്ററായ കൊച്ചി മേക്കർ വില്ലേജ് പ്രതിരോധ ഗവേഷണത്തിൽ സ്റ്റാർട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസിന്റെ (ഐഡെക്‌സ്) പങ്കാളിയായി.

ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡിഫൻസ് ഇന്നവേഷൻ ഓർഗനൈസേഷൻ സി.ഇ.ഒ സഞ്ജയ് ജാജുവിൽ നിന്ന് മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ ധാരണാപത്രം ഏറ്റുവാങ്ങി. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, പ്രതിരോധ സെക്രട്ടറി അജയ് കുമാർ, പ്രതിരോധ ഉത്പാദന സെക്രട്ടറി സുഭാഷ് ചന്ദ്ര, കരസേന ഉപമേധാവി ലഫ്. ജനറൽ മനോജ് മുകുന്ദ് നർവാനെ, നാവികസേന ഉപമേധാവി വൈസ് അഡ്മിറൽ ജി.എസ് പബ്ബി, വ്യോമസേന ഉപമേധാവി എയർമാർഷൽ ഹർജീത് സിംഗ് അറോറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

പ്രതിരോധ ഉത്പാദന രംഗത്ത് സ്റ്റാർട്ടപ്പുകൾക്ക് അവസരം നൽകാൻ 2018 ലാണ് കേന്ദ്ര സർക്കാർ ഐഡെക്‌സ് രൂപീകരിച്ചത്. പ്രതിരോധം, എയ്‌റോസ്‌പേസ് മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തിൽ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ ഉൾപ്പെടുത്തുകയാണ് ഐഡെക്‌സിന്റെ ലക്ഷ്യം.

കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജിൽ എഴുപതിൽപ്പരം സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്.