നെടുമ്പാശേരി: ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴ് ദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഫ്‌ളാഗ് ഓഫ്. 120 വിദ്യാർത്ഥികളടങ്ങിയ സംഘത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലാണ് യാത്രഅയച്ചത്. ജവഹർലാൽ നെഹ്രു സർവകലാശാല, ജാമിയ മിലിയ സർവകലാശാല, ഡൽഹി സർവകലാശാല, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, നാഷണൽ ലോ യൂണിവേഴ്‌സിറ്റി എന്നിവ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും.
രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, രാജ്ഘട്ട്, ചുവപ്പുകോട്ട, ജുമാമസ്ജിദ്, കുത്തബ് മിനാർ, ഇന്ത്യാഗേറ്റ്, സുപ്രീംകോടതി എന്നിവ സന്ദർശിക്കാനും സംഘത്തിന് അവസരം ലഭിക്കും. രാഷ്ട്രപതി, ഡൽഹി മുഖ്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി, സർവകലാശാലാ മേധാവികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്.
മന്ത്രി കെ.ടി. ജലീലീന്റെ നിർദേശത്തെ തുടർന്ന് സ്‌പോൺസർമാരെ കണ്ടെത്തിയാണ് യാത്ര വിമാനത്തിലാക്കിയത്. കേന്ദ്ര സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും സന്ദർശിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് ഉന്നതപഠത്തിനുള്ള പ്രചോദനമേകുകയാണ് ലക്ഷ്യം.