sp
പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ നടന്ന സാക്ഷി വിസ്താരം

സമരക്കാരെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സാക്ഷി മൊഴി

ആലുവ: പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഹാജരാക്കിയ സാക്ഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിസ്തരിച്ചു. ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന ഐരാപുരം സ്വദേശിയും സിനിമാ പ്രവർത്തകനുമായ അനീഷിനെയാണ് ആലുവ പാലസിൽ നടന്ന സിറ്റിംഗിൽ മണിക്കൂറോളം വിസ്തരിച്ചത്. മർദ്ദിച്ചുവെന്ന് സമരസമിതി ആരോപിക്കുന്ന തൃശൂർ ഡി.സി.പി. ജി.എച്ച്. യതീഷ്ചന്ദ്രയാണ് സാക്ഷിയെ ഹാജരാക്കിയത്. സംഭവം നടക്കുമ്പോൾ കൊച്ചി സിറ്റിയിൽ ഡെപ്യൂട്ടീ കമ്മീഷണറായിരുന്നു യതീഷ്ചന്ദ്ര. വിസ്താരം ആരംഭിക്കും മുമ്പേ അനീഷിന്റെ സത്യവാംഗ് മൂലം കമ്മീഷന് മുൻപാകെ സമർപ്പിച്ചിരുന്നു. വിസ്താരത്തിനിടെ സത്യവാംഗ് മൂലത്തിലെ വിവരവും വിസ്താരത്തിലെ മൊഴിയും തമ്മിൽ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ യതീഷ്ചന്ദ്ര ഇടപെട്ടത് അഭിഭാഷകൻ എതിർത്തു. സാക്ഷിയെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങൾ അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ യതീഷ് ചന്ദ്ര പലവട്ടം എതിർത്തു. എന്നാൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അഭിഭാഷകന് വിസ്തരിക്കുന്നതിനുള്ള അനുമതി നൽകി.

ചാനലുകളിൽ വന്ന വാർത്തകളുടെ വീഡിയോകളുടെ സഹായത്തോടെയാണ് അഭിഭാഷകൻ സാക്ഷിയെ വിസ്തരിച്ചത്. പൊലീസ് സമരക്കാരെ മർദ്ദിച്ചിട്ടില്ലെന്നും ലാത്തിവീശി ഓടിക്കുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു സാക്ഷിയുടെ മൊഴി.

പുതുവൈപ്പിൽ കൂറ്റൻ എൽ.പി.ജി. സംഭരണ പ്ലാന്റ് നിർമ്മിക്കാനുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നീക്കത്തിനെതിരെ 2017 ജൂൺ 16ന് എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ വെച്ചാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. യതീഷ്ചന്ദ്ര സമരക്കാരെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിൽ വെച്ച് നിരവധി തവണ വിസ്താരങ്ങൾ നടന്നിരുന്നു. നേരത്തെ കളമശേരിയിൽ നടന്ന സിറ്റിംഗിൽ യതീഷ് ചന്ദ്ര ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. ഡിസംബർ 11ന് അടുത്ത സിറ്റിംഗിൽ സാക്ഷി വിസ്താരം തുടരും.

ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നിയന്ത്രിക്കണം:

ജില്ലാ പൊലീസ് മേധാവിക്കും ആർ.ടി.ഒയ്ക്കും നോട്ടീസ്

ആലുവ: നഗരത്തിലെ അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്നും ഓട്ടോ സ്റ്റാൻഡുകൾ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ റൂറൽ പൊലീസ് മേധാവിക്കും ആർ.ടി.ഒ യ്ക്കും മനുഷ്യവകാശ കമ്മീഷന്റെ നോട്ടീസ്. പൊതുപ്രവർത്തകനായ ഡൊമിനിക് കാവുങ്കലിന്റെ പരാതിയിലാണ് നോട്ടീസ്. ആലുവ നഗരത്തിൽ ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും ട്രാഫിക് റഗുലേറ്റർ കമ്മറ്റി രണ്ട് വർഷം മുമ്പ് തീരുമാനിച്ച ബോണറ്റ് നമ്പർ സമ്പ്രദായം നടപ്പാക്കണമെന്നും ഹർജിക്കാരൻ കമ്മീഷനോട് അഭ്യർത്ഥിച്ചു. ആലുവ നഗരസഭാ സെക്രട്ടറി, ട്രാഫിക് പൊലീസിനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട പട്ടയരേഖ നൽകാൻ 2014 ൽ റവന്യൂമന്ത്രി നടത്തിയ അദാലത്തിൽ തീരുമാനിച്ചിട്ടും നൽകുന്നില്ലെന്ന പരാതിയും കമ്മീഷൻ സ്വീകരിച്ചു. തിരുവാങ്കുളം വില്ലേജ് മൂലേപ്പറമ്പ് അനിലയാണ് കണയന്നൂർ താലൂക്ക് ഓഫീസിനെതിരെ ഹർജി നൽകിയത്.

കീഴ്മാട് ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് കർഷകർ പ്രളയ ദുരിതാശ്വാസ തുക കിട്ടാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പത്തേക്കറോളം ഭൂമിയിൽ ഏത്തവാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്ന കീഴ്മാട് ചാലയ്ക്കൽ സ്വദേശികളായ കെ കെ രവീന്ദ്രൻ, പ്രകാശൻ, അലി, ദിൽഷാദ് എന്നിവരാണ് ഹർജിക്കാർ. 2018 ൽ ഉണ്ടായ പ്രളയത്തിൽ നാലുമുതൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്.

റെയിൽവേ സ്റ്റേഷൻ മേഖലയിൽ കാനകളിലെ ദുർഗന്ധം ഇല്ലാതാക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന പരാതിയിൽ നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ 500 രൂപ പിഴയീടാക്കുമെന്ന ആലുവ നഗരസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മനുഷ്യവകാശ പ്രവർത്തകനായ കെ. രഞ്ജിത്ത്കുമാർ ഹർജി നൽകി. വിഷയത്തിൽ നഗരസഭ സെക്രട്ടറിയോട് റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്താതെയാണ് നിയമം നടപ്പിലാക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ആലുവ പാലസിൽ നടന്ന സിറ്റിംഗിൽ 67 പരാതികൾ പരിഗണിച്ചു. 15 എണ്ണത്തിൽ തീർപ്പാക്കി.