സ്‌കൂളുകളിൽ മാർ ബേസിൽ രണ്ടും മൂന്നും സ്ഥാനം സർക്കാർ സ്‌കൂളുകൾക്ക്
കോതമംഗലം: ജില്ലാ സ്‌കൂൾ കായികമേളയിൽ എതിരാളികളില്ലാതെ മുന്നേറിയ കോതമംഗലം ഉപജില്ല കിരീടം നിലനിറുത്തി. 39 സ്വർണവും 49 വെളളിയും 25 വെങ്കലവുമുൾപ്പെടെ 378 പോയിന്റു നേടിയാണ് കോതമംഗലത്തിന്റെ പട്ടാഭിഷേകം. 32 സ്വർണവും 36 വെള്ളിയും 17 വെങ്കലവുമുൾപ്പെടെ 277 പോയിന്റുമായി സ്‌കൂളുകളിൽ ഒന്നാമതെത്തിയ മാർ ബേസിൽ എച്ച്.എസ്.എസിന്റെ ചിറകിലേറിയാണ് കോതമംഗലത്തിന്റെ നേട്ടം. നിലവിലെ ജില്ലാ, സംസ്ഥാന സ്‌കൂൾ ചാമ്പ്യൻമാരായ സെന്റ് ജോർജ് പിൻമാറിയതോടെ പോയിന്റിൽ ഇടിവുണ്ടായെങ്കിലും കോതമംഗലത്തിന് വെല്ലുവിളി ഉയർത്താൻ എതിരാളികൾക്കായില്ല. കഴിഞ്ഞ ജില്ലാ മീറ്റിൽ 50 വീതം സ്വർണവും വെള്ളിയുമുൾപ്പെടെ 462 പോയിന്റുമായാണ് കോതമംഗലം ജേതാക്കളായത്. സെന്റ് ജോർജ് വിട്ടുനിന്നതോടെ മാർ ബേസിൽ കൂടുതൽ നേട്ടം കൊയ്തു. പോയവർഷം 20 സ്വർണവും 25 വെള്ളിയുമുൾപ്പെടെ 185 പോയിന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു മാർ ബേസിൽ.
ഉപജില്ലകളിൽ 18 സ്വർണവും 8 വെള്ളിയും മൂന്ന് വെങ്കലവുമായി 117 പോയിന്റ് നേടി എറണാകുളം രണ്ടാംസ്ഥാനത്തും അഞ്ച് സ്വർണവും 9 വെള്ളിയും 13 വെങ്കലവുമുൾപ്പെടെ 77 പോയിന്റു നേടിയ അങ്കമാലി മൂന്നാം സ്ഥാനത്തുമെത്തി.
സെന്റ് ജോർജ് വിട്ടു നിന്നതോടെ സ്‌കൂളുകളിൽ രണ്ടാം സ്ഥാനത്തിനായി കടുത്ത പോരാട്ടം നടന്നു. രണ്ട് പോയിന്റ് വ്യത്യാസത്തിൽ പിറവം മണീട് ജി.എച്ച്.എസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മാതിരപ്പള്ളി ഗവ.വി എച്ച് എസ് എസ് രണ്ടാംസ്ഥാനം കോതമംഗലം ഉപജില്ലയിൽ നിലനിർത്തി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ സർക്കാർ സ്‌കൂളുകൾ എത്തിയതും ശ്രദ്ധേയമാണ്.എട്ട് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 58 പോയിന്റാണ് മാതിരപ്പള്ളി സ്‌കൂളിന്. മാതിരപ്പള്ളി സ്‌കൂൾ വിദ്യാർത്ഥികൾ 20 സ്വർണവും 12 വെള്ളിയും 8 വെങ്കലവും നേടിയെങ്കിലും സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ എം.എ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലിക്കുന്ന 14 പേരുടെ മെഡൽ നേട്ടം സ്‌കൂളിന്റെ പട്ടികയിൽ ഉൾപ്പെടില്ല. ഏഴ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 56 പോയിന്റാണ് മണീട് സ്‌കൂളിന്.
വ്യക്തിഗത ചാമ്പ്യൻ പട്ടങ്ങളിൽ ആറിൽ അഞ്ചും മാർ ബേസിലാണ്. ഇന്നലെ മൂന്ന് മീറ്റ് റെക്കാഡുകളും പിറന്നു.